അമരാവതി: ആന്ധ്രാപ്രദേശിൽ അടുത്തിടെ നടന്ന ബലാത്സംഗ സംഭവങ്ങളെക്കുറിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിതയുടെ പ്രതികരണം വിവാദമാകുന്നു. മെയ് ഒന്നിന് റെപ്പല്ലെ റെയിൽവേ സ്റ്റേഷനിൽ 25 കാരിയായ ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബലാത്സംഗ സംഭവങ്ങൾക്ക് “മാനസിക സാഹചര്യത്തെയും” ദാരിദ്ര്യത്തെയും അവർ കുറ്റപ്പെടുത്തി, മാത്രമല്ല പ്രതികൾ ബലാത്സംഗം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. വിശാഖപട്ടണത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ കുട്ടിയുടെ സുരക്ഷ അമ്മയ്ക്കാണെന്ന് നേരത്തെ അവർ പറഞ്ഞിരുന്നു.
പുരുഷന്മാർ മദ്യപിച്ചിരുന്നതിനാൽ “അപ്രതീക്ഷിതമായി” ഇത് സംഭവിച്ചു. സ്ത്രീയുടെ ഭർത്താവിനെ കൊള്ളയടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയത്. എന്നാൽ അവൾ ഇടപെട്ടു. തുടർന്ന് ബലാത്സംഗം ‘അപ്രതീക്ഷിതമായി’ സംഭവിച്ചു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
മതിയായ റെയിൽവേ പോലീസ് സേന ഇല്ലാത്തതിനെ കുറ്റപ്പെടുത്താനാവില്ലെന്നും അവർ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും അവർ പറഞ്ഞു.
Controversial comments of #AndhraPradesh home minister #TanetiVanitha on gang-rape at #RepalleRailwayStation, says there are 'psychological reasons, poverty, accused had not intended to rape, they were drunk & wanted to rob but it had happened unexpectedly' @ndtvindia @ndtv pic.twitter.com/9anffeUlUx
— Uma Sudhir (@umasudhir) May 5, 2022
അതേസമയം ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ പാർട്ടിയായ തെലുങ്കുദേശം പാർട്ടി ആഞ്ഞടിച്ചു. രണ്ടാഴ്ചയ്ക്കിടെ രണ്ട് ബലാത്സംഗങ്ങളാണ് ആന്ധ്രാപ്രദേശിലെ റെയിൽവേ സ്റ്റേഷനുകളിൽ ഉണ്ടായത്. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു സ്ത്രീ ഏപ്രിൽ 16 ന് ഗുരസാല റെയിൽവേ സ്റ്റേഷനിൽ വച്ച് ബലാത്സംഗത്തിനിരയായിരുന്നു. സംഭവത്തിൽ രണ്ട് പോരെ പൊലീസ് അറസ്റ്റ് ചെയ്തു.