വിട്ടുമാറാത്ത പുറം വേദനയുടെയും കാലു വേദനയുടെയും തീവ്രത കുറയ്ക്കാൻ നട്ടെല്ലിലൂടെ ചെറിയ തോതിലുള്ള വൈദ്യുതി കടത്തി വിടുന്ന ചികിത്സ രീതി മൂന്ന് ദശകങ്ങൾ മുൻപ് ആരംഭിച്ചതാണ്. 1989ൽ കുറഞ്ഞ ഫ്രീക്വൻസിയുള്ള തരംഗങ്ങൾ (50 ഹേർട്സ്) നട്ടെല്ലിലൂടെ കടത്തി വിട്ടുള്ള ചികിത്സയ്ക്ക് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി. തുടർന്ന് 2015ൽ 10,000 ഹേർട്സ് വരെ ഫ്രീക്വൻസിയുള്ള റേഡിയോ തരംഗങ്ങൾ ഇതിനായി ഉപയോഗിക്കാൻ എഫ്.ഡി.എ പച്ചക്കൊടി കാട്ടി. ഉയർന്ന ഫ്രീക്വൻസിയുള്ള തരംഗങ്ങൾ, കുറഞ്ഞ നേരത്തേക്ക് കുറഞ്ഞ ആംപ്ലിറ്റ്യൂഡിലാണ് ഇതിനായി കടത്തി വിടുക. ചെറിയ ഫ്രീക്വൻസിയുള്ള വൈദ്യുതിയേക്കാൾ വലിയ ഫ്രീക്വൻസിയുള്ള തരംഗങ്ങളാണ് വേദന നിയന്ത്രിക്കാൻ ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്നു കാലിഫോർണിയ സർവകലാശാല സാൻ ഡിയാഗോ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ.
തരംഗങ്ങൾ കടത്തി വിടുമ്പോൾ വേദന കുറയുന്ന തോന്നൽ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നതെന്നും ഗവേഷകർ പറയുന്നു. 2004നും 2020നും ഇടയിൽ സ്പൈനൽ കോർഡ് സ്റ്റിമുലേഷൻ(എസ് സി എസ്) ചികിത്സ ലഭിച്ച 237 രോഗികളെയാണ് ഗവേഷകർ പരിശോധിച്ചത്. ഇതിൽ 94 രോഗികൾക്ക് (40 സ്ത്രീകളും 54 പുരുഷന്മാരും) ഹൈ ഫ്രീക്വൻസി എസ് സി എസ് ലഭിച്ചപ്പോൾ 70 സ്ത്രീകളും 73 പുരുഷന്മാരും ഉൾപ്പെടെ 143 പേർക്ക് ലോ ഫ്രീക്വൻസി എസ്.സി. എസാണ് ലഭിച്ചത്.
ചികിത്സയ്ക്കായി ഇലക്ട്രോഡുകൾ വച്ച് മൂന്നും ആറും മാസങ്ങൾക്ക് ശേഷം ഗവേഷകർ രോഗികളുടെ വേദന കുറയുന്ന തോത് (പെർസീവ്ഡ് പെയ്ൻ റിഡക്ഷൻ-പിപിആർ) അളന്നു. ഉയർന്ന ഫ്രീക്വൻസിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയാണ് കൂടുതൽ പി.പി.ആർ നൽകിയതെന്ന് ഇതിലൂടെ കണ്ടെത്തുകയായിരുന്നു.
വേദന സംഹാരികൾ കുറച്ച് ഉപയോഗിക്കേണ്ടി വന്നതും ഉയർന്ന ഫ്രീക്വൻസി ഉപയോഗിച്ചവരിലാണെന്ന് ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരിലാണ് ഹൈ ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ വഴി വേദന കുറഞ്ഞതായ തോന്നൽ കൂടുതലായി ഉണ്ടായതെന്നും ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.