ഝാൻസി റാണിയെപ്പോലുള്ളവരുടെ വീരകഥകൾ നാം പഠിക്കുമ്പോൾ തന്നെ മറ്റു പലരും ഇന്നും ചരിത്രത്തിന് പുറത്താണ്.അത്തരത്തിൽ ഒന്നാണ് കിത്തൂർ റാണി എന്ന ചെന്നമ്മയുടെ വീരകഥ.ഒറഗുല്ല അഥവാ വാറംഗൽ തലസ്ഥാനമാക്കി പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടകയുടെയും ഒഡിഷയുടെയും ചില ഭാഗങ്ങൾ തുടങ്ങിയവ ഭരിച്ചിരുന്ന രാജവംശമായിരുന്നു കാകതീയ രാജവംശം.കാളീ ദേവിയുടെ മറ്റൊരു പേരായ കാകതിയിൽ നിന്നാണ് ഇതു വന്നതെന്നും അതല്ല കാകതി എന്ന പ്രദേശത്തിന്റെ പേരിൽ നിന്നാണെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്.എന്നാൽ കർണാടകയിലെ ബെളഗാവിയിലെ ഒരു ഗ്രാമമായ കാകതിയിൽ ജനിച്ച ഒരു വീര വനിത– കിത്തൂർ റാണി എന്ന ചെന്നമ്മയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു 1848 മുതൽ 1856 വരെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭു ആവിഷ്കരിച്ചത് എന്നറിയപ്പെട്ടുന്ന ദത്തപഹാരനയം അഥവാ ദത്തവകാശനിരോധന നയം (Doctrine of lapse). ഈ നയം ഉപയോഗിച്ച് ബ്രിട്ടൻ കൈവശപ്പെടുത്തിയ രാജ്യങ്ങളാണു സത്താറ, ഝാൻസി, സംബൽപ്പൂർ, ജയ്പൂർ, ഉദയ്പൂർ, നാഗ്പൂർ തുടങ്ങിയവ.
എന്നാൽ, 1830കളിൽ തന്നെ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം നിർവഹിച്ചിരുന്ന കോർട്ട് ഓഫ് ഡയറക്ടേഴ്സ് ഈ നയം സ്വീകരിച്ചിരുന്നു.1839ൽ മണ്ഡോവി, 1840ൽ കൊളാബ, ജാലൗൻ, 1842ൽ സൂറത്ത് തുടങ്ങിയ നാട്ടു രാജ്യങ്ങളെ ഈ നയം ഉപയോഗിച്ച് ബ്രിട്ടിഷ് ഇന്ത്യയോടു കൂട്ടിച്ചേർത്തു.അതിനും വർഷങ്ങൾക്ക് മുൻപ് തന്നെ ഈസ്റ്റ് ഇന്ത്യ കമ്പനി ഈ നയം നടപ്പിലാക്കാൻ ശ്രമം തുടങ്ങിയിരുന്നു.
കീഴടങ്ങാത്ത കിത്തൂർ റാണി
1778 ഒക്ടോബർ 23 നാണ് റാണി ചെന്നമ്മ ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ കുതിരസവാരിയും ആയോധനകലയുമെല്ലാം പരിശീലിച്ച ചെന്നമ്മ പതിനഞ്ചാം വയസ്സിൽ കിത്തൂരിലെ രാജാവായിരുന്ന മല്ലസർജ്ജ ദേശായിയെ വിവാഹം ചെയ്തു.അവർക്കൊരു മകനും ജനിച്ചു.1816 ൽ മല്ലസർജ്ജ അന്തരിച്ചു.1824ൽ അവരുടെ മകനും.തുടർന്ന് ഭരണമേൽപ്പിക്കാനായി ശിവലിംഗപ്പ എന്നൊരു കുട്ടിയെ റാണി ചെന്നമ്മ ദത്തെടുത്തു. അന്നത്തെ ഹിന്ദു രാജകുടുംബാംഗങ്ങൾക്കിടയിൽ അത് സാധാരണമായിരുന്നു താനും.
പക്ഷേ, ബ്രിട്ടിഷുകാർ അത് അംഗീകരിച്ചില്ല.തങ്ങളുടെ പുതിയ നിയമ പ്രകാരം കിത്തൂർ ബ്രിട്ടിഷ് അധീനതയിലേക്കു കൊണ്ടുവരികയാണെന്ന് അവർ ചെന്നമ്മയെ അറിയിച്ചു.എന്നാൽ ചെന്നമ്മ അന്നത്തെ ബോംബെ ഗവർണറായിരുന്ന മൗണ്ട് സ്റ്റുവർട്ട് എൽഫിൻസ്റ്റണിനു (മുംബൈയിലെ പ്രശസ്തമായ എൽഫിൻസ്റ്റൺ കോളജ് ഇദ്ദേഹത്തിന്റെ പേരിലാണ്) നിവേദനം സമർപ്പിക്കുകയും തന്റെ ദത്തു പുത്രനായ ശിവലിംഗപ്പയെ കിത്തൂരിന്റെ ഭരണാധികാരിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. അദ്ദേഹവും ഈ ആവശ്യം നിരസിച്ചു.
കിത്തൂരിനും ഏതാണ്ട് 30 കിലോമീറ്റർ അകലെയായിരുന്നു ധാർവാഡ്. ലൈൻ ബസാർ പേട എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന, ഭൗമ സൂചിക പദവി ലഭിച്ച ധാർവാഡ് പേടയ്ക്കു പേരുകേട്ട ധാർവാഡ് എന്ന പ്രദേശത്തു സ്ഥിതി ചെയ്തിരുന്ന കലക്ടറേറ്റിന്റെ കീഴിലായിരുന്നു അന്ന് കിത്തൂർ.അവിടുത്തെ മേധാവിയായിരുന്ന, മദ്രാസ് സിവിൽ സർവീസിലെ ഉദ്യോഗസ്ഥ ജോൺ താക്കറെയും കമ്മിഷണറായിരുന്ന വില്യം ചാപ്ലിനും ചെന്നമ്മയ്ക്ക് അന്ത്യ ശാസനം നൽകി.എന്നാൽ ചെന്നമ്മ അത് തള്ളിക്കളഞ്ഞു.
താക്കറെയുടെ പടപ്പുറപ്പാട്
കുപിതനായ താക്കറെ കിത്തൂർ പിടിച്ചടക്കി അവിടുത്തെ സ്വർണവും പണവുമെല്ലാം കണ്ടു കെട്ടാൻ യുദ്ധ സന്നദ്ധനായി 1824 ഒക്ടോബർ 21ന് ചിറ്റൂർ കോട്ടയിലേക്ക് തിരിച്ചു.വളരെ എളുപ്പത്തിൽ കിത്തൂർ പിടിച്ചടക്കി തങ്ങളുടെ കീഴിൽ കൊണ്ട് വരാമെന്നു കരുതിയ അവർക്ക് ചെന്നമ്മ നൽകിയത് അവിശ്വനീയമായ തിരിച്ചടിയായിരുന്നു. യുദ്ധത്തിൽ ജോൺ താക്കറെ ഉൾപ്പെടെയുള്ള ബ്രീട്ടിഷുകാർ കൊല്ലപ്പെടുകയും ഉദ്യോഗസ്ഥനായിരുന്ന വാൾട്ടർ എലിയട്ടും സ്റ്റീവൻസണും ചെന്നമ്മയുടെ തടവിലാവുകയും ചെയ്തു. അവരെ മോചിപ്പിക്കാൻ രണ്ട് നിബന്ധനകൾ ചെന്നമ്മ മുന്നോട്ടു വച്ചു. ഒന്ന്, യുദ്ധത്തിൽ നിന്ന് ബ്രിട്ടിഷ് സൈന്യം പിന്മാറണം. രണ്ട്, ശിവലിംഗപ്പയെ ഭരിക്കാൻ അനുവദിക്കണം.കമ്മിഷണറായ ചാപ്ലിൻ ചെന്നമ്മയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതനായി. അങ്ങനെ ബ്രിട്ടീഷുകാർക്കെതിരായ യുദ്ധത്തിൽ ജയം നേടി ചരിത്രം തന്നെ തിരുത്തിക്കുറിച്ചു ചെന്നമ്മ.