ബിറ്റ്കോയിനോടുള്ള വാറന്‍ ബഫറ്റിന്റെ അപ്രീതി പ്രശസ്തമാണ്. നേരത്തെ എലിവിഷത്തോടും മരീചികയോടും ബിറ്റ്കോയിനെ ബഫറ്റ് ഉപമിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന ബെര്‍ക്ക് ഷെയര്‍ ഹാത്ത്വേയുടെ വാര്‍ഷിക യോഗത്തില്‍ ബിറ്റ്കോയിന് വിരോധത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
‘അടുത്ത വര്‍ഷമോ, ഇനി അഞ്ച്-പത്ത് വര്‍ഷത്തിനുള്ളിലോ അത് മുകളിലേക്ക് പോവുമോ താഴേക്ക് പോവുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ അത് ഉല്‍പ്പാദനപരമായി ഒന്നും ചെയ്യില്ല എന്ന കാര്യം തനിക്ക് ഉറപ്പാണ്. ഇതിന് ഒരു മാന്ത്രികതയുണ്ട്, ആളുകള്‍ പല കാര്യങ്ങളും മാന്ത്രികതയോട് ചേര്‍ത്ത് വെച്ചിട്ടുണ്ട്’, ബിറ്റ്കോയിനെ കുറിച്ച് ബഫറ്റ് പറഞ്ഞു.
ബിറ്റ്കോയിന്റെ വക്താക്കള്‍ പോലും അതിനെ ഒരു നിഷ്ക്രിയ ആസ്തിയായി ആണ് കാണുന്നത്. വിലയില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുകയും ദീര്‍ഘകാലത്തേക്ക് ബിറ്റ്കോയിന് സൂക്ഷിക്കുന്നവരാണ് നിക്ഷേപകരെന്നും ബഫറ്റ് ചൂണ്ടിക്കാട്ടി. അധിക പോര്‍ട്ട്ഫോളിയോ ആനുകൂല്യങ്ങള്‍ സൃഷ്ടിക്കാന്‍ മറ്റ് ക്രിപ്റ്റോകള്‍ ഉണ്ട്. എന്നാല്‍ ബിറ്റ്കോയിന് പോലെ മുഖ്യധാരയിലേക്ക് അവ കടന്നിട്ടില്ല.
നിങ്ങള്‍ യുഎസിലെ എല്ലാ കൃഷിയടങ്ങളുടെയും ഒരു വിഹിതമോ അല്ലെങ്കില്‍ അപ്പാര്‍ട്ട്മെന്റുകളുടെ വിഹിതമോ തരുകയാണെങ്കില്‍ 25 ബില്യണ്‍ വീതം താന്‍ മുടക്കാന്‍ തയ്യാറാണെന്ന് ബഫറ്റ് പറയുന്നു. അതേ സമയം ലോകത്തിലെ എല്ലാ ബിറ്റ്കോയിനും എനിക്ക് 25 ഡോളറിന് നല്‍കാമെന്ന് പറഞ്ഞാല്‍ ഞാന്‍ വാങ്ങില്ല. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഞാന്‍ അത് നിങ്ങള്‍ക്ക് തിരികെ വില്‍ക്കേണ്ടി വരും.
അപ്പാര്‍ട്ടുമെന്റുകള്‍ വാടക നല്‍കും, ഫാമുകള്‍ ഭക്ഷണം ഉല്‍പ്പാദിപ്പിക്കും. ബിറ്റ്കോയിന് കൊണ്ട് മറ്റ് പ്രയോജനങ്ങള്‍ ഇല്ല. ബെര്‍ക്ക് ഷെയറിന് വേണമെങ്കില്‍ ഒരു നാണയം പുറത്തിറക്കാം. എന്നാല്‍ ഡോളറിന് പകരം ബെര്‍ക്ക് ഷെയര്‍ നാണയത്തെ യുഎസ് സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഒരു കാരണവും താന്‍ കാണുന്നില്ലെന്നും ബഫറ്റ് പറഞ്ഞു. ബെര്‍ക്ക് ഷെയര്‍ വൈസ് പ്രസിഡന്റ് ചാര്‍ളി മുന്ഗര് പറഞ്ഞത് ബിറ്റ് കോയിന് യുഎസ് ഫെഡറല്‍ റിസര്‍വ് സിസ്റ്റത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ്. ബിറ്റ്കോയിന് മൂല്യം പൂജ്യത്തിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ മുന്ഗര് അവ നിരോധിച്ച ചൈനീസ് നടപടിയെ പ്രശംസിക്കുകയും ചെയ്തു.