ഓര്‍ക്കുന്നുണ്ടോ ആ കാലം! സിനിമാ തീയേറ്ററുകളിൽ- A സർട്ടിഫിക്കറ്റ് സിനിമകള്‍ കാണും മുന്‍പു പോലും എല്ലാവരും ജനഗണമന പാടി എഴുന്നേറ്റു നില്‍ക്കണം എന്ന് നിര്‍ബന്ധ നിയമം വന്ന കാലം.അതിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ വന്ന ആ കാലം! നമ്മൾ ദേശത്തെ സ്നേഹിക്കുന്നത് സ്വന്തം തോളില്‍ എഴുതി വയ്ക്കേണ്ടി വരുന്ന ഒരു കാലത്തിന്റെ തുടക്കം ആയിരുന്നു അത്.
പലരും സിനിമ തുടങ്ങി കഴിഞ്ഞാണ് അന്നൊക്കെ തീയേറ്ററുകളിൽ കയറിയിരുന്നത്! പക്ഷെ,ഇപ്പോൾ ‘ജനഗണമന’ എന്ന സിനിമ കഴിഞ്ഞപ്പോള്‍ എണീറ്റു നിന്ന് ആരും നിര്‍ബന്ധികാതെ അതൊന്നു കൂടി പാടാന്‍ തോന്നി- എന്റെ ദേശീയ ഗാനം, എന്റെ ദേശത്തിന്റെ വികാരം!
ജനഗണമന!!
ഇന്ത്യൻ ജനതയുടെ അവസാനിക്കാത്ത പ്രതീക്ഷകളുടെ തേരിലേറി മറ്റൊരു പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് സിനിമ -ജനഗണമന.സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ സബ മറിയത്തിന്റെ (മംമ്ത മോഹൻദാസ്) ക്രൂരമായ കൊലപാതക കേസിന്റെ അന്വേഷണമാണ് ഇവരെ ബന്ധിപ്പിക്കുന്ന ഘടകം. 2019ൽ രാജ്യം നടുങ്ങിയ ഹൈദരാബാദ് കൊലപാതക കേസിന്റെ ഘടകങ്ങൾ ചേർത്തുകൊണ്ടുള്ള സബ കേസ് പൈശാചികമായ കൊലപാതകത്തിന്റെ ചുരുളുകൾ ബിഗ് സ്‌ക്രീനിൽ തുറന്നിടുന്നു. ഒപ്പം ചില ചോദ്യങ്ങളും. ഏറ്റവും പ്രിയപ്പെട്ട അധ്യാപികയുടെ മരണത്തിൽ വിദ്യാർത്ഥി പ്രക്ഷോഭം കനക്കുമ്പോൾ, നാട്ടിൽ നടമാടുന്ന വർഗീയ കലാപങ്ങളുടെ ഒരേട് സ്ക്രിപ്റ്റിലേക്ക് എഴുതിച്ചേർക്കപ്പെടുന്നു.
രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബലിമൃഗമാകേണ്ടി വരുന്ന സാധാരണക്കാരന്റെ ദയനീയത, വർഗീയത, ഉന്നത വിദ്യാഭ്യാസ രംഗത്ത് നടമാടുന്ന അരാജകത്വം എന്നിവ ഓരോന്നായി സ്ക്രിപ്റ്റ് പൊളിച്ചടുക്കുമ്പോൾ, നീതി നിഷേധിക്കപ്പെട്ട പലപല മുഖങ്ങൾ തെളിയുന്നു. അതിലൊരാൾ ഒരു കുറിപ്പും അതിലേറെ ദുരൂഹതകളും ബാക്കിയാക്കി വിടവാങ്ങിയ നമ്മുടെ നാട്ടിൽ തന്നെയുള്ളവൾ ആണെന്ന ബോധ്യം മനഃസാക്ഷിയെ തൊട്ടുനോവിച്ചേ കടന്നു പോകൂ. മദ്രാസ് ഐ.ഐ.ടിയിൽ പഠിക്കവേ ഒരു ഹോസ്റ്റൽ മുറിക്കുള്ളിൽ ജീവിതം അവസാനിച്ച ഫാത്തിമ ലത്തീഫിനെ ഈ സിനിമ അടയാളപ്പെടുത്തിക്കഴിഞ്ഞു.
ജേക്സ് ബിജോയിയുടെ സംഗീതവും, സുദീപ് ഇളമൺ കൈകാര്യം ചെയ്ത ക്യാമറയും ടെക്നിക്കൽ വിഭാഗത്തിൽ പ്രശംസയർഹിക്കുന്നു. മുതിർന്ന വക്കീൽ രഘുറാം അയ്യർ ആയി എത്തിയ ഷമ്മി തിലകൻ, വിദ്യാർത്ഥി പ്രക്ഷോഭം നയിക്കുന്ന ഗൗരിയായി വിൻസി അലോഷ്യസ് എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടിയിരിക്കുന്നു.