പത്തനംതിട്ട: ഗുജറാത്തിൽ ഒരു നല്ല കാര്യം നടന്നാൽ അതു കേരളം മാതൃകയാക്കുന്നതിൽ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിക്ക് എല്ലാ പദ്ധതികളും നേരിട്ട് നിരീക്ഷിക്കാനുള്ള സംവിധാനം ആവശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സംഘം ഗുജറാത്ത് സന്ദർശിക്കുന്നത്. ഫിഷറീസ് വകുപ്പിൽ കേരളത്തേക്കാളും ഏറെ മുന്നിലാണ് തെലങ്കാന. അതിനെക്കുറിച്ച് പഠിക്കാൻ ഉടൻ പോകും. ജനാധിപത്യത്തിൽ വിമർശനം വസ്തുനിഷ്ഠമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൻകിട പദ്ധതികളുടെയും മറ്റും പുരോഗതി വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്കു സാധ്യമാക്കുന്ന ഡാഷ്ബോർഡ് സംവിധാനത്തെപ്പറ്റി പഠിക്കാനാണു ചീഫ് സെക്രട്ടറി വി.പി.ജോയ്, സ്റ്റാഫ് ഓഫിസർ എൻ.എസ്.കെ. ഉമേഷ് എന്നിവർ ഗുജറാത്തിലേക്കു പോയത്. 2019ൽ വിജയ് രൂപാണി മുഖ്യമന്ത്രി ആയിരിക്കെയാണു ഗുജറാത്തിൽ ഇതു നടപ്പാക്കിയത്.
മുൻപ് ഗുജറാത്ത് മാതൃക തള്ളിപ്പറഞ്ഞ സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ അവരുടെ ഭരണം മാതൃകയായി സ്വീകരിച്ച് അതു പഠിക്കാൻ ചീഫ് സെക്രട്ടറിയെ നേരിട്ടയച്ചതു രാഷ്ട്രീയ വിവാദമായിരുന്നു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദർശനമെന്നാണ് പ്രതിപക്ഷ ആരോപണം.