ന്യൂഡല്‍ഹി: രാജ്യം പത്മ പുരസ്‌കാരം നല്‍കി ആദരിച്ച വയോധികനായ കലാകാരനെ സര്‍ക്കാര്‍വകവസതിയില്‍നിന്നു മനുഷ്യത്വരഹിതമായി പടിയിറക്കി. പത്മശ്രീ പുരസ്‌കാര ഫലകം അടക്കം വഴിവക്കില്‍ തള്ളി അപമാനിച്ചെന്നും പരാതി. തൊണ്ണൂറു വയസുകാരനായ ഒഡീസി നര്‍ത്തകന്‍ ഗുരു മായാധര്‍ റൗത്തിനാണ് കേന്ദ്ര സര്‍ക്കാരില്‍നിന്നു ദുരനുഭവം നേരിടേണ്ടിവന്നത്. സര്‍ക്കാര്‍ അനുവദിച്ച ഡല്‍ഹിയിലെ ഏഷ്യാഡ് വില്ലേജിലെ ബംാവില് വാടകയ്ക്കായിരുന്നു റൗത്തിന്റെ താമസം. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ സ്ഥലത്തെത്തിയ അധികൃതര്‍ റൗത്തിനെ വസതിയില്‍നിന്ന് ഇറക്കിവിടുകയായിരുന്നെന്ന് മകള്‍ മധുമിത റൗത് പറഞ്ഞു.
പിതാവിന് ഉച്ചഭക്ഷണം വിളമ്പിക്കൊടുത്തുകൊണ്ടിരിക്കെയാണ് ഉദ്യോഗസഥവൃന്ദമെത്തിയത്. രണ്ടു മിനിറ്റിനുള്ളില്‍ ഒഴിയണമെന്നായിരുന്നു ആവശ്യം. ഒഴിപ്പിക്കല്‍ നോട്ടീസ് കാണിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും അതിന് ഉദ്യോഗസ്ഥര്‍ തയാറായില്ല. കോടതിയെ സമീപിക്കാന്‍ ഒരുദിവസത്തെ സാവകാശംതേടിയെങ്കിലും വഴങ്ങിയില്ല. പിന്നാലെ പോലീസും കൂടുതല്‍ തൊഴിലാളികളുമെത്തി. സാധന-സാമഗ്രികളെല്ലാം വലിച്ചു പുറത്തിട്ടു. പിതാവിനു ലഭിച്ച പത്മശ്രീ പുരസ്‌കാര ഫലകവും അതില്‍ ഉള്‍പ്പെടുന്നു. ആയുസ് മുഴുവന്‍ നൃത്തത്തിലൂടെ രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ കലാകാരനു മോദി സര്‍ക്കാരിനു കീഴില്‍ ഒരു ആദരവും ലഭിച്ചില്ല. അവിചാരിതമായി താന്‍ പിതാവിന്റെ വസതിയില്‍ എത്തിയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മരണത്തിനിടയാക്കുമായിരുന്ന സംഭവവികാസങ്ങളാണ് അരങ്ങേറിയത് -മധുമിത പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുവദിച്ച താമസസ്ഥലത്തുനിന്നാണ് റൗത്തിനെ പടിയിറക്കിയത്. രാജീവ് സര്‍ക്കാര്‍ വസതി അനുവദിച്ചതിന്റെ പേരിലുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണോ ഇതിലേക്കു വഴിവച്ചതെന്ന സംശയവും മധുമിത പങ്കുവച്ചു.
അതേസമയം, നിയമാനുസൃതമായാണ് ഒഴിപ്പിക്കല്‍ നടപടികളെന്നു സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചൂ. ഏഷ്യന്‍ ഗെയിംസ് വില്ലേജിലുള്ള ബംാവുകളിലെ കലാകാരന്മാരുടെ താമസം 2014-ല്‍ത്തന്നെ റദ്ദാക്കിയിരുന്നു. താമസക്കാര്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നേരത്തേതന്നെ നല്‍കിയിരുന്നു. റൗത് ഉള്‍പ്പെടെയുള്ള താമസക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചില്ല. കഴിഞ്ഞ 25 നു മുമ്പ് സ്വയം ഒഴിഞ്ഞുപോകണമെന്നായിരുന്നു കോടതി വിധി. ഇതിനുശേഷമാണ് ബലപ്രയോഗത്തിലൂടെയുള്ള ഒഴിപ്പിക്കലിനു നിര്‍ബന്ധിതരായത്. റൗതിനു പുറമേ ഗെയിംസ് വില്ലേജില്‍ താമസിക്കുന്ന എട്ട് ഇതര കലാകാരന്മാര്‍ക്ക് അടുത്തമാസം രണ്ടിനു മുമ്പ് ഒഴിയാന്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്- കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.