IndiaNEWS

താഴ് വാരത്തിലെ രാജുവായി മലയാളിയെ ഞെട്ടിച്ച പ്രശസ്‌ത നടന്‍ സലിം മുഹമ്മദ് ഘൗസ് അന്തരിച്ചു

പ്രശസ്‌ത നടന്‍ സലിം മുഹമ്മദ് ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

എം.ടിയുടെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത താഴ് വാരത്തിലെ രാജുവിന്റെ മുഖം മലയാളിക്കു മറക്കാനാവില്ല. ഒരു വേട്ടക്കാരന്റേ ക്രൗര്യത്തോടെ ഇരയെ പിടിക്കാൻ അയാൾ പതിയിരുന്നു. ആത്മാർഥ സുഹൃത്തിനെ ചതിക്കുന്നതിൽ യാതൊരു സങ്കോചവുമില്ലാത്ത, കണക്കുകൂട്ടലുകൾ തെറ്റാത്ത, മനസാക്ഷിയില്ലാത്ത ക്രൂരൻ. രാജു എന്ന വില്ലനെ സലീം ഖൗസ് എന്ന അന്യഭാഷ നടനിൽ ഏൽപ്പിച്ചപ്പോൾ ഭരതന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല. മോഹൻലാലിന്റെ ബാലൻ്റെ പ്രകടനത്തോട് കിടപിടിക്കുന്നതായിരുന്നു സലീമിന്റെ രാജുവും. മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങളിൽ മുൻനിരയിൽ തന്നെയാണ് സലീം ഖൗസിന്റെ സ്ഥാനം.

Signature-ad

ചെന്നൈയിൽ 1952ലാണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. 1987-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘സുഭഹ്’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ’ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി വേഷമിട്ടു.

1989-ല്‍ പ്രതാപ് പോത്തന്‍  സംവിധാനം ചെയ്‌ത ചെയ്ത ‘വെട്രിവിഴ’യിൽ കമല്‍ഹാസന്റെ വില്ലനായി ആദ്യമായി വെള്ളിത്തിരയില്‍ എത്തി. 1990ലാണ് താഴ് വാരത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി മലയാളത്തിലെത്തിയത്.

കൊയ്‌ല എന്ന ഹിന്ദി സിനിമയില്‍ 1997-ല്‍ ഷാരൂക്ക് ഖാനോടൊപ്പം അഭിനയിച്ചു.  മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലായി കൊയ്ല, ത്രികാൽ, ദ്രോഹി, സോൾജ്യർ, ഇന്ത്യൻ, ചാണക്യ തുടങ്ങി നാൽപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടു.

കൗമാരകാലം മുതലാണ് സലീം ഖൗസിന് അഭിനയമോഹം തലയ്ക്ക് പിടിക്കുന്നത്. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. ആയോധനകലയിൽ പരിശീലനം നേടിയതും തന്നിലെ നടനെ പരിപോഷിക്കാൻ ഉതകുമെന്ന വിശ്വസത്തോടെയാണ്. കോളജ് കാലഘട്ടത്തിലാണ് സലീം ഖൗസ് സിനിമയിൽ ആകൃഷ്ടനാകുന്നത്. ചെന്നൈയിലെ വിദ്യാഭ്യാസത്തിന് ശേഷം പൂനെ ഫിലിം ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠനം പൂർത്തിയാക്കി. അഭിനയിക്കാൻ അവസരങ്ങൾക്കായി അദ്ദേഹം മുംബൈയിലെ സ്റ്റുഡിയോകളിൽ കയറിയിറങ്ങി. തുടക്കത്തിൽ നിരാശയായിരുന്നു ഫലമെങ്കിലും 1978-ൽ പുറത്തിറങ്ങിയ സ്വർഗ് നരക് എന്ന ചിത്രം അരങ്ങേറ്റത്തിന് വഴി തുറന്നു. ഒരു വിദ്യാർഥിയുടെ വേഷത്തിലാണ് അദ്ദേഹം അഭിനയിച്ചത്. ‘ചക്ര’യായിരുന്നു രണ്ടാമത്തെ ചിത്രം. ‘വെട്രിവിഴ’യിലെ വില്ലൻ ഏറെ ശ്രദ്ധനേടി. 1997 ൽ മണിരത്നം സംവിധാനം ചെയ്ത തിരുട തിരുട എന്ന ചിത്രത്തിലെ ടിടി വിക്രം എന്ന വില്ലനും സലീം ഖൗസിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
ഭദ്രൻ സംവിധാനം ചെയ്ത ഉടയോൻ ആണ് അവസാന മലയാള ചിത്രം. ‘കാ’ എന്ന തമിഴ് ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രം പുറത്തിറങ്ങിയിട്ടില്ല.
സിനിമയ്ക്ക് പുറമേ സുഭാഹ്, എക്സ് സോൺ തുടങ്ങി സീരിയലുകളിലും വേഷമിട്ടു.

അഭിനയത്തിന് പുറമേ ഡബ്ബിങ്ങിലും മികച്ച് തെളിയിച്ചു സലീം ഖൗസ്. ഹിന്ദിയിലേക്ക് മൊഴിമാറ്റിയപ്പോൾ ഹോളിവുഡ് ചിത്രങ്ങളായ ‘300’ ൽ കിങ് ലിയോനിഡാസിനും ദ ലയൺ കിങിൽ സ്കാറിനും ശബ്ദം നൽകിയത് സലീം ഖൗസായിരുന്നു.

Back to top button
error: