KeralaNEWS

പ്രതിയെ ഒളിപ്പിച്ചത് ആര്‍എസ്‌എസ് ബന്ധം കൊണ്ടെന്ന് സി.പി.എം, സൈബർ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് രേഷ്മയും കുടുംബവും

  സൈബർ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കേണ്ടിവരുമെന്ന് പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതി നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വീടു വിട്ടുനൽകിയെന്ന കേസിൽ അറസ്റ്റിലായ രേഷ്മയുടെ കുടുംബം. മുഖ്യമന്ത്രിയെയും പാർട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ട്. സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണ്, തങ്ങൾക്കു മുൻപിൽ വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. അയൽക്കാരൻ കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രിയെ തങ്ങൾക്കു വിശ്വാസമുണ്ട്. അതുകൊണ്ടാണു വിശദമായ പരാതി മുഖ്യമന്ത്രിക്കു നൽകിയത്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കും എന്നാണു വിശ്വാസം. തങ്ങൾക്കു പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

രേഷ്മയെ അപമാനിക്കുന്ന തരത്തിലുള്ള സി.പി.എം നേതാവ് കാരായി രാജൻ അടക്കമുള്ളവരുടെ ഫെയ്സ്ബുക് പോസ്റ്റുകളുടെ പകർപ്പു കൂടി ഉൾപ്പെടുത്തി കുടുംബാംഗങ്ങൾ ഇന്നലെ മുഖ്യമന്ത്രിക്കു പരാതി അയച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നടത്തിയ അധിക്ഷേപ പരാമർശവും പരാതിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം എം.വി ജയരാജൻ നടത്തിയ പത്രസമ്മേളനത്തിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നു പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

Signature-ad

കൊലക്കേസ് പ്രതിയെ അധ്യാപിക ഒളിവില്‍ താമസിപ്പിച്ചത് സംശയാസ്പദമാണെന്നും എം.വി ജയരാജന്‍ ആരോപിച്ചിരുന്നു. ആള്‍താമസമില്ലാത്ത വീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. പലപ്പോഴും വാടകക്ക് കൊടുക്കാറുള്ള വീടാണിത്. അങ്ങനെ ഒരു വീട്ടില്‍ ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്.

പ്രതിക്ക് അധ്യാപികയുമായുള്ള ബന്ധം, അധ്യാപികയ്ക്ക് അമൃത വിദ്യാലയത്തില്‍ ജോലി ലഭിച്ച സാഹചര്യം എന്നിവ പരിശോധിച്ചാല്‍ കൂടുംബത്തിന്റെ ആര്‍.എസ്‌.എസ് ബന്ധം വ്യക്തമാകുമെന്നും എംവി ജയരാജന്‍ പ്രതികരിച്ചു. രേഷ്മയുടെ കുടുംബം സി.പി.എം അനുഭാവമുള്ളവരാണെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും എംവി ജയരാജന്‍ പറഞ്ഞിരുന്നു. ബിജെപിയുടെ സ്ഥിരം അഭിഭാഷകനായ പി പ്രേമരാജനാണ് രേഷ്മയ്ക്ക് വേണ്ടി കോടതിയില്‍ ഹാജാരായത്. ബിജെപിയുടെ മണ്ഡലം ജനറല്‍ സെക്രട്ടറി അജേഷാണ് ജാമ്യത്തില്‍ ഇറങ്ങിയ രേഷ്മയെ കൂട്ടികൊണ്ട് പോകാന്‍ എത്തിയതെന്നും എംവി ജയരാജന്‍ ചൂണ്ടിക്കാണിച്ചു.

”ഇക്കാര്യത്തില്‍ വേറെ സംശയത്തിന് അടിസ്ഥാനമില്ല. എന്തൊക്കെ വാര്‍ത്തകള്‍ വന്നാലും വസ്തുത എന്താണെന്ന് ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടു. പ്രതിയെ ഒളിപ്പിച്ചത് ആര്‍എസ്‌എസ് ബന്ധം കൊണ്ടല്ലാതെ മറ്റെന്താണ്. എന്നിട്ടും ഈ സ്ത്രീയുടെ ജാതകം എന്താണെന്ന് ചോദിക്കുകയാണ്.”
എം.വി ജയരാജന്‍ പറഞ്ഞു.

വിവാദസംഭവങ്ങളുടെ പശ്ചാത്തലത്തിൽ രേഷ്മ അധ്യാപകജോലി രാജിവച്ചു. പുന്നോൽ അമൃത വിദ്യാലയത്തിൽ ഇംഗ്ലിഷ് അധ്യാപികയായിരുന്നു ഇവർ. കേസിൽപ്പെട്ടതിനെത്തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജ്മെന്റ് നടപടി തുടരുന്നതിനിടെയാണ് ഇന്നലെ രാജി നൽകിയത്. രാജിക്കത്ത് ലഭിച്ചതിനാൽ സസ്പെൻഷൻ ഉത്തരവു കൈമാറിയില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. രേഷ്മയുടെയും അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും മൊബൈൽ ഫോണുകൾ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നത് രസീതു പോലും നൽകാതെയാണെന്നും കുടുംബം ആരോപിച്ചു. സൈബർ ഇടങ്ങളിൽ തങ്ങളെ ആക്രമിച്ചവർക്കു തന്റെ ചിത്രങ്ങൾ ചോർത്തി നൽകിയത് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും കുടുംബം ആരോപിക്കുന്നു.

പുന്നോലിലെ സി.പി.എം പ്രവ‍ർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റം ചുമത്തി പതിഞ്ചാം പ്രതിയാക്കിയാണ് അണ്ടല്ലൂർ  സ്വദേശി പി രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭർത്താവിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിലിനെ ഒളിവിൽ പാർപ്പിച്ചത്.

Back to top button
error: