CrimeNEWS

റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ചെന്ന കേസ്: ബാബുരാജിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മൂന്നാറിൽ കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി 40 ലക്ഷം രൂപ വഞ്ചിച്ചെന്ന കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടിമാലി പോലീസ് എടുത്ത വഞ്ചന കേസിൽ ബാബുരാജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കോതമംഗലം സ്വദേശി അരുൺ കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം അടിമാലി പോലീസ് ആണ് കേസെടുത്തത്. മൂന്നാർ കമ്പിലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോർട്ട് ബാബുരാജ് പാട്ടത്തിന് നൽകി 40 ലക്ഷം രൂപ കരുതൽധനമായി വാങ്ങിയിരുന്നു. എന്നാൽ റിസോർട്ട് തുറക്കാൻ ലൈസൻസിനായി പള്ളിവാസൽ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും പട്ടയം സാധുവല്ലാത്തതിനാൽ ലൈസൻസ് നൽകാൻ കഴിയില്ലെന്നു പഞ്ചായത്ത് മറുപടി നൽകി.

Signature-ad

തുടർന്നാണ് വ്യവസായി നടനെതിരെ കോടതിയെ സമീപിച്ചത്. 2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിയ്ക്കൽ നോട്ടീസ് നൽകിയിരുന്നെന്നും ഇതും മറച്ചുവെച്ചാണ് ബാബുരാജ് താനുമായി കരാറിൽ ഏർപ്പെട്ടതെന്നും അരുൺകുമാർ ആരോപിച്ചിരുന്നു. അതെ സമയം മൂന്നുലക്ഷം രൂപ മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കിയാൽ 40 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടതില്ലെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്നും ബാബുരാജ് ഹൈക്കോടതിയെ അറിയിച്ചു.

Back to top button
error: