CrimeNEWS

ഉത്തർപ്രദേശിൽ ദളിത് വിദ്യാർത്ഥിയെക്കൊണ്ട് കാല് നക്കിച്ചു; മർദ്ദിച്ചും അതിക്രമം; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ ദളിത് വിദ്യാർത്ഥിക്ക് നേരെ അതിക്രമം. റായ് ബറേലിയിലാണ് ദളിത് വിദ്യാർത്ഥിയെകൊണ്ട് കാല് നക്കിച്ചത്. മർദ്ദിക്കുകയും കാല് നക്കിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

സംഭവം നടന്നത് ഏപ്രിൽ പത്തിന് എന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാർഥിയെകൊണ്ടാണ് കാല് നക്കിച്ചത്. സംഭവത്തിൽ മുന്നാക്ക ജാതിയിൽ പെട്ട 7 പേർക്കെതിരെ കേസെടുത്തു. ദളിത് വിദ്യാർത്ഥി പരാതി നൽകിയതിനെത്തുടർന്നാണ് ഏഴ് പേർക്കെതിരെ കേസ് എടുത്തത്.

Signature-ad

രണ്ട് മിനിറ്റ് 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദളിത് വിദ്യാർത്ഥി നിലത്തിരിക്കുന്നതായാണ് വീഡിയോയിലുള്ളത്. കൈകൾ ചെവിയിൽ പിടിച്ചിട്ടുണ്ട്. പ്രതികളിലൊരാൾ മോട്ടോർസൈക്കിളിൽ ഇരിക്കുന്നുണ്ട്. ദളിത് വിദ്യാർഥി പേടിച്ച് വിറയ്ക്കുമ്പോൾ മറ്റ് പ്രതികൾ ചിരിക്കുന്നതും വീഡിയോയിലുണ്ട്. താക്കൂർ എന്നതിന്റെ സ്പെല്ലിം​ഗ് തെറ്റിക്കാതെ പറയാനാണ് പ്രതികൾ ആവശ്യപ്പെടുന്നത്. വിദ്യാർത്ഥി പറയുമ്പോൾ ഇനി മേലിൽ തെറ്റിച്ച് പറയുമോ എന്ന് പ്രതികൾ ആക്രോശിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ മുന്നാക്കസമുദായമാണ് താക്കൂറുകൾ.

വിധവയായ അമ്മയ്ക്കൊപ്പമാണ് ദളിത് വിദ്യാർത്ഥിയുടെ താമസം. അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. സംഭവത്തിലെ പ്രതികളിൽ ചിലരുടെ പറമ്പുകളിൽ ഇവർ പണിക്ക് പോയിരുന്നു. അതിന്റെ കൂലി നൽകണമെന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടതാണ് അതിക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും എഫ്ഐആറിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Back to top button
error: