NEWS

ആരാണ് ആറാട്ടുമുണ്ടൻ ?

പ്രതിയോഗികളെ കളിയാക്കി വിളിക്കാൻ രാഷ്ട്രീയക്കാർ സ്ഥിരം ഉപയോഗിക്കാറുള്ള ഒരു പേരാണ് ആറാട്ടുമുണ്ടൻ. മലയാളത്തിൽ മുണ്ടൻ എന്നാൽ കുറിയവൻ ( പൊക്കം കുറഞ്ഞവൻ ) എന്നൊക്കെ അർത്ഥം.പൊക്കമില്ലാത്ത മനുഷ്യരെ വിളിച്ച് അധിക്ഷേപിക്കാന്‍ ഇന്നും ഉപയോഗിക്കുന തെറിപ്പദമാണ് മുണ്ടന്‍.ഏയ് ഓട്ടോ എന്ന ചിത്രത്തിൽ പൊക്കം കുറഞ്ഞ ശ്രീനിവാസനെ വിളിക്കുന്ന ഇരട്ടപ്പേര് തന്നെ മുണ്ടൻ തമ്പി എന്നാണ്.
തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറാട്ടിന് തിരുവിതാംകൂർ രാജാവ് അകമ്പടി സേവിക്കാറുണ്ട്. ശംഖുമുഖം കടപ്പുറത്തേക്ക് പോകുന്ന ആറാട്ട് ഘോഷയാത്രയിൽ നിരവധി ആളുകൾ പങ്കെടുക്കും.ഘോഷയാത്രയിൽ പങ്കെടുക്കുന്ന രാജാവിനെ ദൃഷ്ടിദോഷത്തിൽ നിന്ന് രക്ഷപെടുത്തുന്നതിനായി ഒരു പൊക്കം കുറഞ്ഞയാളെ ഘോഷയാത്രയ്ക്ക് മുമ്പിൽ ഉൾപ്പെടുത്തും.ഇയാളെയാണ് ആറാട്ട് മുണ്ടൻ എന്ന് വിളിച്ചിരുന്നത്.നിരവധി ആളുകൾ ‌പ‌ങ്കെടുക്കുന്ന ഘോഷയാത്രയ്ക്കിടെ രാജാവിന്റെ തേ‌ജസ് കണ്ട് ആരെങ്കിലും കണ്ണുവച്ചാലോ എന്ന് ഭയന്നാണ് ആറാട്ടു മുണ്ടന്മാരെ ഘോഷയാത്രയ്ക്ക് മുമ്പിൽ ഉൾപ്പെടുത്തുന്നത്.പിന്നീട് തിരുവിതാംകൂറിലും , കേരളത്തിലെ മറ്റ് പ്രദേശങ്ങളിലും ഒരു പ്രയോഗമായി ഈ ആറാട്ടുമുണ്ടൻ മാറി.ഒരിക്കൽ എ.കെ. ആന്റണിക്കെതിരേ വി. എസ്. അച്യുതാനന്ദൻ പ്രയോഗിച്ചപ്പോളാണ് സംസ്ഥാനത്ത് ഈ പ്രയോഗം ചർച്ചയായും ചിരിയായും മാറിയത്.
അടിക്കുറിപ്പ്:
കുഞ്ഞുണ്ണി മാഷിനേയും ഇത്തരത്തിൽ ചിലർ വെറുതെ വിട്ടില്ല.
“പൊക്കമില്ലായ്മയാണെന്റെ പൊക്കം” എന്ന പ്രസിദ്ധമായ ചൊല്ല് അങ്ങനെയാണ് ഉണ്ടായത്.

Back to top button
error: