KeralaNEWS

പോലീസിനെ ഭരിക്കാനുളള നിയോഗം ഇനി പി. ശശിക്ക്; വി.എസ്. പക്ഷത്തിന് വലിയ തിരിച്ചടി

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിലെ വീഴ്ചകളില്‍ പരിഹാരം കാണാനാണു പാര്‍ട്ടി പ്രധാനമായും പി.ശശിയെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ പോലീസിനെ ഭരിക്കാനുളള നിയോഗം പി.ശശിയെ കൂടുതല്‍ കരുത്തനാക്കുകയാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗമായി ശശിയെ തെരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള വഴി തുറന്നത്.

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ ഇടപെടലുകള്‍ ”സൂപ്പര്‍ മുഖ്യമന്ത്രി”യെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരിലൊരാളാണ് ശശി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ പിണറായി വിജയന്റെ ചീഫ് പോളിങ് ഏജന്റ് ശശിയായിരുന്നു. െലെംഗികാരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ക്ഷമയോടുള്ള കാത്തിരുപ്പായിരുന്നു പി.ശശിയുടെത്. പെരുമാറ്റദൂഷ്യ ആരോപണത്തെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കപ്പെട്ട ശശി സി.പി.എം. പോഷക സംഘടനയായ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ നേതാവായാണ് വീണ്ടും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. സംഘടനയുടെ ജില്ലാ ഭാരവാഹിയായി മാറിയ ശശിക്ക് പാര്‍ട്ടി അംഗത്വവും തിരിച്ചു ലഭിച്ചു.

സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകരില്‍ ഒരാള്‍ പി.ശശിയായിരുന്നു. ഇതോടെ സി.പി.എം നേതൃത്വത്തില്‍ നിര്‍ണായക സ്വാധീനവും ശശിക്ക് ലഭിച്ചു.നിലേശ്വരത്തെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ വെച്ചു ഡി.െവെ.എഫ്.ഐ. ജില്ലാ നേതാവിന്റെ ഭാര്യയെ കടന്നു പിടിച്ചുവെന്നായിരുന്നു ശശിക്കെതിരേ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന ആരോപണം. ഇതിനു ശേഷം ഒരു മുന്‍ എം.എല്‍.എയുടെ മകളോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയും രേഖാമൂലം പാര്‍ട്ടിക്ക് ലഭിച്ചു. ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദനും വനിതാ നേതാക്കളും രംഗത്തുവന്നതോടെയാണ് 2011 ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശി പാര്‍ട്ടിയില്‍ നിന്നും പുറത്താവുന്നത്. 2016 ല്‍ പരാതിക്കാരി പിന്‍വലിഞ്ഞതിനെത്തുടര്‍ന്ന് പി.ശശിയെ നീലേശ്വരം കോടതി കുറ്റവിമുക്തനാക്കി. 2018 ജൂെലെയില്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ ശശി 2019 ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തി.

ശശി പാര്‍ട്ടിയില്‍നിന്നും പുറത്തായതിനെത്തുടര്‍ന്നാണ് പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയാവുന്നത്. 2018 ല്‍ തലശേരി ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി , ഏരിയാ കമ്മിറ്റി എന്നിവയില്‍ അംഗമായ പി.ശശി പിന്നീട് ജില്ലാ കമ്മിറ്റി അംഗമാവുകയായിരുന്നു. വി.എസ്.- പിണറായി ചേരിപ്പോരിന്റെ കാലത്ത് പിണറായി പക്ഷത്തിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്നു ശശി.  പെരുമാറ്റദൂഷ്യ ആരോപണമുയര്‍ന്നപ്പോള്‍ ശശിയെ ഒരുവര്‍ഷത്തേക്കു മാത്രം പാര്‍ട്ടിയില്‍നിന്നും മാറ്റിനിര്‍ത്തുക എന്ന പിണറായി വിഭാഗത്തിന്റെ മൃദുസമീപനം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിക്കളഞ്ഞതോടെയാണ് ഔദ്യോഗവിഭാഗത്തിന്റെ ശക്തനായ ഈ പോരാളിക്ക് സ്ഥാനഭ്രംശം നേരിട്ടത്. കടുത്ത നടപടിക്ക് വഴങ്ങേണ്ടിവന്നത് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും കണ്ണൂര്‍ ലോബിക്കും കനത്ത തിരിച്ചടിയായിരുന്നു. പെരുമാറ്റദൂഷ്യം സംബന്ധിച്ച ആരോപണത്തെതുടര്‍ന്ന് ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആദ്യതീരുമാനം.

എന്നാല്‍ ഇതിനെതിരേ വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി രംഗത്തുവന്നു. കൂടുതല്‍ കടുത്ത നടപടി കേന്ദ്രകമ്മിറ്റിയില്‍ വി.എസ്. ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപ്പെട്ട കേന്ദ്രനേതൃത്വം തരംതാഴ്ത്തല്‍ നടപടി പുനഃപരിശോധിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചു. െഹെദരാബാദില്‍ ചേര്‍ന്ന സി.പി.എം. കേന്ദ്രകമ്മിറ്റിയോഗമാണ് ഈ നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. എസ്.എഫ്.ഐ. നേതാവായി ഉയര്‍ന്നുവന്ന ശശിയുടെ രാഷ്്രടീയഗ്രാഫ് കുത്തനെ മുകളിലോട്ട് കയറിയത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്താണ്. അതിനു പിന്നില്‍ പിണറായി വിജയന്റെ അനുഗ്രഹാശിസുകളുമുണ്ടായിരുന്നു.

ജോലിതേടി മുംെബെക്കു പോയ ശശിയെ പിണറായി വിജയന്‍ തിരിച്ചുവിളിച്ചു പൊതുമരാമത്ത് മന്ത്രി ടി.കെ. ഹംസയുടെ സെക്രട്ടറിയാക്കുകയായിരുന്നു. 1987 ലെ നായനാര്‍ മന്ത്രിസഭയില്‍ പഴയ കോണ്‍ഗ്രസുകാരനായ ടി.കെ. ഹംസ അംഗമാവുമ്പോള്‍ പാര്‍ട്ടിയുടെ മേല്‍നോട്ടമായിരുന്നു ശശിയുടെ ദൗത്യം. തുടര്‍ന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ മത്സരിക്കാനും ശശി നിയോഗിക്കപ്പെട്ടു. മത്സരിച്ച് തോറ്റെങ്കിലും പാര്‍ട്ടിയുടെ ജില്ലാ നേതൃനിരയില്‍ പി.ശശി തിളങ്ങിനില്‍ക്കാന്‍ തുടങ്ങി.

പാര്‍ട്ടി മുഖപത്രം കണ്ണൂരില്‍ എഡിഷന്‍ ആരംഭിച്ചപ്പോള്‍ അതിന്റെ മാനേജരായി നിയോഗിക്കപ്പെട്ടു. 1996ല്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി വീണ്ടും ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി.പി.എം. നേതൃത്വം കണ്ടെത്തിയത് ശശിയെ ആയിരുന്നു. അന്ന് ശശിയുടെ നേതൃത്വത്തില്‍ അടുക്കളഭരണം നടക്കുന്നു എന്നുവരെ ആക്ഷേപമുയര്‍ന്നു. അന്നും ആഭ്യന്തര വകുപ്പിലായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഇടപെടലുകള്‍ കൂടുതലും നടന്നത്. സി.പി.എം. കേരളഘടകത്തില്‍ വിഭാഗീയത രൂപപ്പെട്ടു തുടങ്ങിയ സാഹചര്യത്തില്‍ ശശി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായി വളര്‍ന്നിരുന്നു. രാജ്യത്തു തന്നെ പാര്‍ട്ടിക്ക് ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള കണ്ണൂര്‍ ജില്ലയുടെ സെക്രട്ടറിയായും അവരോധിക്കപ്പെട്ടു. വിഭാഗീയത കൊടുമ്പിരിക്കൊണ്ട മലപ്പുറം സമ്മേളനത്തില്‍ വി.എസ്.പക്ഷത്തിന്റെ ഏറ്റവും വലിയ ആവശ്യം സംസ്ഥാന സമിതിയിലേക്കുള്ള പാനലില്‍നിന്ന് പി.ശശിയെ ഒഴിവാക്കുക എന്നതായിരുന്നു.

എന്നാല്‍, മുന്‍നിര പോരാളിയായ ശശിയെ െകെവിടാന്‍ പിണറായിയും ഔദ്യോഗികപക്ഷവും ഒരുക്കമായിരുന്നില്ല. ഏറ്റവും കുറച്ച് വോട്ടോടെയാണെങ്കിലും മത്സരത്തില്‍ ശശിയും ജയിച്ചുകയറിയത് വി.എസ്. പക്ഷത്തിന് വലിയ തിരിച്ചടിയായി. സംഘടനയില്‍ വിഭാഗീയത ആളിക്കത്തിയ നിര്‍ണായകഘട്ടത്തില്‍ ആരോപണവിധേയനായ ശശിയെ സംരക്ഷിക്കുന്നതില്‍ പിണറായി വിജയന്‍ നിസഹായനായിരുന്നു. അതിനുള്ള മറുപടിയാണ് ഇപ്പോള്‍ തുടര്‍ഭരണത്തിലൂടെ കൂടുതല്‍ ശക്തനായ ഘട്ടത്തില്‍ ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ച് പിണറായി നല്‍കിയത്.

Back to top button
error: