പട്ന: ബിഹാറിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി കനയ്യ കുമാറിനെ നിയോഗിക്കാൻ സാധ്യത. മദൻ മോഹൻ ഝാ സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നു പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനം കണക്കിലെടുത്താണ് നേതൃമാറ്റം നടപ്പാക്കുന്നത്.
കനയ്യ കുമാറിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് രാഹുൽ ഗാന്ധിക്കു താൽപര്യമെന്നാണ് സൂചന. ബിഹാറിന്റെ ചുമതലയുള്ള ഭക്തചരൺദാസ് സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുന്നുണ്ട്. ബിഹാറിൽ കോൺഗ്രസിനു പുത്തനുണർവു പകരാനും യുവജനങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനും കനയ്യയ്ക്കു കഴിയുമെന്നാണു പ്രതീക്ഷ. ബിഹാറിലെ പ്രബലമായ ഭൂമിഹാർ സമുദായത്തിന്റെ പിന്തുണയാർജിക്കാനും സമുദായാംഗമായ കനയ്യയിലൂടെ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.
അതേസമയം, ബിഹാറിലെ കോൺഗ്രസ് നേതൃത്വം കനയ്യയെ അംഗീകരിക്കാൻ തയാറാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളായ മീരാ കുമാർ, താരിഖ് അൻവർ, രഞ്ജീത് രഞ്ജൻ തുടങ്ങിവർക്കാണ് സംസ്ഥാന നേതൃത്വത്തിൽ കനയ്യയേക്കാൾ പിന്തുണയുള്ളത്. സിപിഐ വിട്ടു കോൺഗ്രസിലെത്തിയ കനയ്യ കുമാറിനെ പാർട്ടി അധ്യക്ഷനാക്കുന്നത് സഖ്യകക്ഷികളുമായുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ആർജെഡി നേതൃത്വത്തിനു കനയ്യ കുമാറിനോടു താൽപര്യക്കുറവാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സാമർഥ്യമുള്ള കനയ്യയെ ദേശീയ തലത്തിൽ പ്രയോജനപ്പെടുത്തുകയാണു മെച്ചമെന്നു കരുതുന്നവരുമുണ്ട്.