BusinessTRENDING

ടെക്സ്റ്റൈല്‍സ് പിഎല്‍ഐ പദ്ധതി: 19,000 കോടി രൂപയുടെ നിക്ഷേപ അപേക്ഷകള്‍ അംഗീകരിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ടെക്സ്റ്റൈല്‍സ് മേഖലയ്ക്കായുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കീഴില്‍ 19,000 കോടി രൂപയുടെ നിക്ഷേപ സാധ്യതയുമായി 61 കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ അംഗീകരിച്ചതായി സര്‍ക്കാര്‍. ജിന്നി ഫിലമെന്റ്‌സ്, കിംബര്‍ലി ക്ലാര്‍ക്ക് ഇന്ത്യ, അരവിന്ദ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ 61 കമ്പനികളുടെ അപേക്ഷകള്‍ അംഗീകരിച്ചതായാണ് സര്‍ക്കാര്‍ അറിയിച്ചത്. ടെക്സ്‌റ്റൈല്‍ മേഖലയിലെ പിഎല്‍ഐ പദ്ധതിയുടെ കീഴില്‍ 67 അപേക്ഷകളാണ് ലഭിച്ചതെന്ന് ടെക്സ്‌റ്റൈല്‍ സെക്രട്ടറി യു പി സിംഗ് പറഞ്ഞു.

അംഗീകാരം ലഭിച്ച 61 അപേക്ഷകളില്‍ 19,077 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 1,84,917 കോടി രൂപയുടെ വിറ്റുവരവും, 2,40,134 പേര്‍ക്ക് തൊഴിലും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎംഎഫ് അപ്പാരല്‍, എംഎംഎഫ് ഫാബ്രിക്സ് തുടങ്ങിയവയുടെ ടെക്സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍, ടെക്നിക്കല്‍ ടെക്സ്‌റ്റൈല്‍സിന്റെ ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുക, കയറ്റുമതി വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ അഞ്ചു വര്‍ഷകാലയളവില്‍ 10,683 കോടി രൂപയുടെ അംഗീകൃത സാമ്പത്തിക പരിധിയില്‍ പൂര്‍ത്തിയാക്കുന്നതിനാണ് പിഎല്‍ഐ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

Signature-ad

അറുപത്തിയേഴ് അപേക്ഷകളില്‍ 15 എണ്ണം പാര്‍ട്ട് ഒന്നിലും, 52 എണ്ണം പാര്‍ട്ട് രണ്ടിലുമാണ് ലഭിച്ചത്. പാര്‍ട്ട് ഒന്നില്‍ കുറഞ്ഞ നിക്ഷേപം 300 കോടി രൂപയും, കുറഞ്ഞ ടേണോവര്‍ 600 കോടി രൂപയുമാണ്. പാര്‍ട്ട് രണ്ടില്‍ കുറഞ്ഞ നിക്ഷേപം 100 കോടി രൂപയും, കുറഞ്ഞ ടേണോവര്‍ 200 കോടി രൂപയുമാണ്.

അവ്ഗോള്‍ ഇന്ത്യ, ഗോവ ഗ്ലാസ് ഫൈബര്‍ ലിമിറ്റഡ്, എച്ച് പി കോട്ടണ്‍ ടെക്സ്റ്റൈല്‍ മില്ലുകള്‍; കിംബര്‍ലി ക്ലാര്‍ക്ക് ഇന്ത്യ (സ്‌കീമിന് കീഴിലുള്ള നിക്ഷേപത്തിനും ഉല്‍പ്പാദനത്തിനുമായി ഒരു പുതിയ കമ്പനിയുടെ രൂപീകരണത്തിന് വിധേയമായി), മധുര ഇന്‍ഡസ്ട്രിയല്‍ ടെക്സ്റ്റൈല്‍സ്, എംപിസിഐ പ്രൈവറ്റ് ലിമിറ്റഡ്, പ്രതിഭ സിന്റക്സ്, ഷാഹി എക്‌സ്‌പോര്‍ട്ട്‌സ്, ട്രൈഡന്റ് ലിമിറ്റഡ്, ഡോണിയര്‍ ഇന്‍ഡസ്ട്രീസ്, ഗോകല്‍ദാസ് എക്സ്പോര്‍ട്ട്സ്, അരവിന്ദ് ലിമിറ്റഡ് എന്നീ കമ്പനികളുടെ അപേക്ഷകളാണ് അംഗീകരിച്ചത്.

അരവിന്ദ് ലിമിറ്റഡിന്റെ നിക്ഷേപം 170 കോടി രൂപയും, ജിന്നി ഫിലമെന്റ്‌സ് ലിമിറ്റഡിന്റെ 180 കോടി രൂപയും, ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സിന്റെ 143 കോടി രൂപയും, കിംബര്‍ലി ക്ലാര്‍ക്ക് ഇന്ത്യ ലിമിറ്റഡിന്റെ 308 കോടി രൂപയുമാണെന്ന് സെക്രട്ടറി പറഞ്ഞു. 61 നിര്‍ദ്ദേശങ്ങളില്‍ ഏഴെണ്ണം വിദേശ കമ്പനികളില്‍ നിന്നുള്ളതാണ് – ഓട്ടോലിവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 193 കോടി, അവ്ഗോള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 585 കോടി, എവര്‍ടോപ്പ് ടെക്സ്റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ കോംപ്ലക്സ് പ്രൈവറ്റ് ലിമിറ്റഡ് 379 കോടി, ടീജയ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 20 കോടി രൂപ എന്നിങ്ങനെയാണ് നിക്ഷേപം.

Back to top button
error: