സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ റേഷൻ സംവിധാനത്തിലൂടെ ഇന്ധന വിതരണം ആരംഭിച്ചു. ശ്രീലങ്കയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഇരുചക്ര വാഹനങ്ങൾക്ക് ഒരു തവണ പമ്പിലെത്തുമ്പോൾ 1000 രൂപയുടെ ഇന്ധനം നിറയ്ക്കാനാണ് അനുമതി. മുച്ചക്ര വാഹനങ്ങൾക്ക് 1500 രൂപയ്ക്കും കാർ, ജീപ്പ്, വാൻ തുടങ്ങിയവയ്ക്ക് 5000 രൂപയ്ക്കുള്ള ഇന്ധനം വീതവും നിറയ്ക്കാം. ലോറി, ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് റേഷൻ ഇല്ല.
അതേസമയം, ഇന്ധന റേഷൻ നടപ്പാക്കിയതോടെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് രാജ്യത്ത് കാണുന്നത്. ഇത് ആളുകൾ തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നുണ്ട്. ശ്രീലങ്കൻ രൂപയുടെ മൂല്യം അനുദിനം ഇടിയുന്നതിനാൽ പ്രതിദിനം 12 മണിക്കൂറാണ് ശ്രീലങ്കയിലെ പവർ കട്ട്.