കുറ്റിപ്പുറം: കാളാച്ചാലിൽ ഭർതൃമതിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൃപ്പനച്ചി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മൽ മുഹമ്മദ് ഷഫീക്ക്(28)നെയാണ് ചങ്ങരംകുളം എസ്ഐ രാജേന്ദ്രൻ അറസ്റ്റ് ചെയ്തത്. ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാളാച്ചാലിൽ താമസിച്ചിരുന്ന അച്ചിപ്രവളപ്പിൽ റഷീദിൻ്റെ ഭാര്യ ഷഫീല (28)നെയാണ് രാത്രി 11 മണിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഷഫീല കുറ്റിപ്പുറത്തുള്ള സഹോദരനെ മൊബൈലിൽ വിളിച്ച് ഷഫീക്ക് ശല്ല്യപ്പെടുത്തുന്നതായി പരാതിപ്പെട്ടിരുന്നു.
യുവതിയെ കാണാൻ സംഭവദിവസം കാളാച്ചാലിലെ വീട്ടിലെത്തിയ ഷഫീക്കിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും യുവാവ് ഒളിവിൽ പോയി. ഇയാൾ ഷഫീലയെ മൊബൈലിൽ വിളിച്ച് ശല്ല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഷഫീക്ക് കാളാച്ചാലിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മണിക്കൂറുകൾക്ക് മുമ്പ് സഹോദരനെ മൊബൈലിൽ വിളിച്ച് അറിയിച്ചിരുന്നു.
യുവതി ജീവനൊടുക്കിയ ദിവസം ഈ യുവാവ് രണ്ട് തവണ യുവതിയെ കാണാൻ കാളാച്ചാലിലെ വീട്ടിലെത്തിയിരുന്നു. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും സഹോദരിയുടെ മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്തണമെന്നും കാണിച്ച് ഷഫീലയുടെ സഹോദരൻ നൽകിയ പരാതിയിലാണ് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.