IndiaNEWS

ഹാര്‍ദിക് പട്ടേലിനെ സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി രംഗത്തെത്തിയ പാര്‍ട്ടി ഗുജറാത്ത് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേലിനെ സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസില്‍ സംതൃപ്തനല്ലെങ്കില്‍ അദ്ദേഹത്തെ ആം ആദ്മിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഗോപാല്‍ ഇതാലിയ പറഞ്ഞു.

ഹാര്‍ദിക് പട്ടേലിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഇതാലിയ പറഞ്ഞു. ഗുജറാത്തില്‍ പട്ടേലിനെപ്പോലുള്ള പോരാളിയായ യുവ നേതാവിനെ തീര്‍ച്ചയായും സ്വാഗതം ചെയ്യും. പട്ടേല്‍ സമുദായത്തിനിടയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും ഇഷ്ടവും തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

നേരത്തെ കോണ്‍ഗ്രസില്‍ തനിക്ക് അവഗണനയാണെന്നും ഒരുകാര്യവും ചര്‍ച്ചചെയ്യാറില്ലെന്നും കുറ്റപ്പെടുത്തി ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയിരുന്നു. ‘വന്ധ്യംകരണത്തിന് വിധേയനാക്കപ്പെട്ട നവവര’ന്റെ അവസ്ഥയിലാണ് താനെന്ന് ഹാര്‍ദിക് പറഞ്ഞിരുന്നു.

”ഈയിടെ 75 ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചപ്പോള്‍ ആലോചിച്ചില്ല. പി.സി.സി. യോഗം അറിയിക്കാറില്ല. സമുദായനേതാവ് നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കും എന്നുപറയുന്നതല്ലാതെ ഒന്നുംചെയ്യുന്നില്ല. ഇപ്പോഴുള്ള പട്ടേലിനെ തന്നെ ഉപയോഗിക്കുന്നില്ല. 2017-ലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനുകാരണം പട്ടേല്‍ സമരമായിരുന്നു എന്ന കാര്യം മറക്കരുത്” -ഹാര്‍ദിക് മുന്നറിയിപ്പുനല്‍കി.

പട്ടേലിന്റെ തടവുശിക്ഷയും വിധിയും സുപ്രീംകോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. ഇതോടെ നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തടസ്സം നീങ്ങി. ഇതിനുപിന്നാലെയാണ് ഹാര്‍ദിക് സംസ്ഥാനനേതൃത്വത്തിനെതിരേ മാധ്യമങ്ങളോട് മനസ്സുതുറന്നത്. അതിനിടെ പാര്‍ട്ടിയില്‍ പ്രശ്‌നമില്ലെന്നും ഹാര്‍ദിക് പട്ടേലുമായി സംസാരിച്ച് ധാരണയിലെത്തുമെന്നും ജി.പി.സി.സി. അധ്യക്ഷന്‍ ജഗദീഷ് ഠാക്കോര്‍ പറഞ്ഞിരുന്നു.

Back to top button
error: