ഷാങ്ഹായ്: കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലഞ്ഞിരിക്കുകയാണ് ചൈനയിലെ ഷാങ്ഹായ് നിവാസികള്‍. ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളുമില്ലാതെ ദുരിതത്തിലാണ് ഇവിടുത്തെ ജനങ്ങള്‍. അടച്ചിടലില്‍ വലഞ്ഞ സാധാരണക്കാര്‍ പ്രാദേശിക നേതൃത്വങ്ങളുമായി പോരടിക്കുകയാണ്. ഷാങ്ഹായില്‍ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളുമാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത്.
അതിദാരുണ വിവരങ്ങളാണ് ചൈനയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍ നിന്ന് പുറത്ത് വരുന്നത്. ഏപ്രില്‍ 5 മുതല്‍ ഷാങ്ഹായ് നഗരം അടച്ചിട്ടിരിക്കുകയാണ്. വുഹാനില്‍ കോവിഡ് തിരിച്ചറിഞ്ഞ ശേഷമുള്ള ചൈനയിലെ ഏറ്റവും വലിയ വ്യാപനമാണ് നഗരം നേരിടുന്നത്. ഇതോടെ, ഏതാണ്ട് 26 മില്യണ്‍ ജനങ്ങളെയാണ് കര്‍ശന ലോക്ഡൗണിലാക്കിയിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറത്ത് ഇറങ്ങാനാകാതെ വലയുകയാണിവര്‍.
കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പലര്‍ക്കും അവശ്യസാധനങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നാണ് വിവരം. മരുന്ന് അടക്കമുള്ള അവശ്യവസ്തുക്കളുടെ വലിയ തോതിലുള്ള ലഭ്യതക്കുറവ് നേരിടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പലരും ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കുകയാണ്. തുടര്‍ച്ചയായുള്ള അടച്ചിടല്‍ അവരുടെ മാനസിക ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സഹായം ആവശ്യപ്പെട്ട് നിലവിളിക്കുന്ന ഷാങ്ഹായ് നിവാസികളുടെ നിരവധി വീഡിയോകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത ജനങ്ങള്‍ ജനാലയ്ക്ക് സമീപം നിന്ന് സഹാത്തിനായി നിലവിളിക്കുന്നതെന്ന് അവകാശപ്പെടുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഫ്ളാറ്റുകളുടെയും ബഹുനില അപ്പാര്‍ട്ട്മെന്റുകളുടെയും ഉള്ളില്‍ നിന്ന് ജനങ്ങള്‍ ഉറക്കെ വിളിച്ച് പറയുന്നതാണ് വിഡിയോയില്‍. തങ്ങള്‍ മരിക്കാന്‍ പോവുകയാണ്, കുറച്ച് ഭക്ഷണം തരൂ എന്നാണ് ആളുകള്‍ നിലവിളിക്കുന്നത്. സഹായിക്കൂ… ഞങ്ങള്‍ക്ക് കഴിക്കാനൊന്നുമില്ല എന്ന് ജനങ്ങള്‍ അഭ്യര്‍ഥിക്കുന്ന മറ്റൊരു വീഡിയയും പുറത്തുവന്നിട്ടുണ്ട്.