ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ പിതാവെന്നറിയപ്പെടുന്ന ചിത്രകാരന്‍ രാജാരവിവര്‍മ്മ 130 വര്‍ഷം മുന്‍പ് വരച്ച, പ്രശസ്തമായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’ പെയിന്റിംഗ് ലേലത്തില്‍ വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്.
‘മോഡേണ്‍ ഇന്ത്യന്‍ ആര്‍ട്ട്’ എന്ന പേരില്‍ കഴിഞ്ഞ ദിവസം ഒരു പ്രമുഖ സ്ഥാപനം നടത്തിയ ലേലത്തിലാണ്, രവിവര്‍മ്മയുടെ ഐതിഹാസിക ചിത്രങ്ങളിലൊന്നായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’ മോഹവിലയായ 21 കോടി രൂപയ്ക്ക് വിറ്റുപോയത്. സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്ന ചിത്രത്തിന് 20 കോടി വരെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്ന വില.
രാജസദസില്‍ വച്ച് കൗരവരുടെയും പാണ്ഡവരുടെയും മദ്ധ്യത്തില്‍ ദുശാസനന്‍ ദ്രൗപദിയെ വസ്ത്രാക്ഷേപം നടത്താന്‍ ശ്രമിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം വരച്ചിട്ടുള്ളത്. മഹാരാജ് സയാജിറാവു ഗെയ്‌ക്‌വാദിന്റെ നിര്‍ദ്ദേശ പ്രകാരം, 1888-’90 കാലഘട്ടത്തില്‍ രവിവര്‍മ്മ വരച്ച 14 ചിത്രങ്ങളിലൊന്നാണിത്.
തിരുവനന്തപുരത്തും പിന്നീട് ബറോഡയിൽ സയാജിറാവു ഗെയ്ക്ക് വാദ് പണി കഴിപ്പിച്ച ലക്ഷ്മി വിലാസ് കൊട്ടാരത്തിലും പ്രദർശിപ്പിച്ചിരുന്ന ചിത്രം തുടർന്ന് രവിവർമ ഫൈൻ ആർട്സ് ലിത്തോ ഗ്രാഫിക്സ് പ്രസിൻ്റെ ഒരു ഓഹരി ഉടമയിലേയ്ക്ക് എത്തിച്ചേർന്നു. തുടർന്ന് പുരാവസ്തു ശേഖരണം നടത്തുന്ന ഒരു സ്വകാര്യ വ്യക്തിയുടെ കൈവശം ചിത്രം എത്തിയതായും സംഘാടകർ വെളിപ്പെടുത്തിയിരുന്നു.