സുനിൽ കെ ചെറിയാൻ
ലോകത്തെവിടെയുമുള്ള മാതാപിതാക്കളുടെ നെഞ്ച് പിളർക്കുന്ന ഫോട്ടോയാണ് കഴിഞ്ഞ ഒരാഴ്‌ചയായി സമൂഹമാധ്യമങ്ങളിൽ ‘ഓടി’ക്കൊണ്ടിരിക്കുന്നത്.
യുക്രെയിനിൽ നിന്നുള്ള ഒരു രണ്ടു വയസുകാരിയുടെ പുറത്ത് എഴുതിയിരിക്കുന്ന പേരും ജന്മദിനവും ഫോൺ നമ്പറും കാണിക്കുന്ന ഫോട്ടോയാണത്. യുദ്ധത്തിനിടയിൽ മകൾ നഷ്ടപ്പെട്ടാൽ അവളെ തിരിച്ചറിയാൻ വേണ്ടി അമ്മ തന്നെയാണ് അവളുടെ നഗ്നമായ ദേഹത്ത് അടിസ്ഥാന വിവരങ്ങൾ എഴുതിയതും ഫോട്ടോ പങ്ക് വെച്ചതും.
അലക്‌സാന്ദ്ര മക്കോവിയ് എന്ന ആ അമ്മ അവരുടെ കുഞ്ഞിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തതോടെ ചുരുങ്ങിയ സമയം കൊണ്ട് അത് യുക്രെയ്ൻ ദുരന്തത്തിന്റെ സംസാരിക്കുന്ന പ്രതീകമായി മാറി.
പല മാതാപിതാക്കളും സ്വന്തം കുഞ്ഞുങ്ങളുടെ ദേഹത്ത് ‘ഐഡന്റിറ്റി’ രേഖപ്പെടുത്താൻ തുടങ്ങി. ‘നാളെ ഞങ്ങൾ ഇല്ലാതായാൽ ഞങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരാവരുത്, അവർക്ക് ഐഡന്റിറ്റി ഉണ്ടാവണം’ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ചില യുക്രെയ്ൻ മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങളുടെ പുറം, ‘ഐഡന്റിറ്റി കാർഡാ’ക്കി മാറ്റിയത്.
കഴിഞ്ഞ മാസം കീവിൽ നിന്നും പലായനം ചെയ്യുന്നതിന് തൊട്ട് മുൻപാണ് അലക്‌സാന്ദ്ര മകൾ വിരായുടെ ദേഹത്ത്, അവളെ തിരിച്ചറിയാനുള്ള അടിസ്ഥാന വിവരങ്ങൾ എഴുതിയത്. അവർ ഇപ്പോൾ മോൾഡോവയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
ചിത്രകാരിയാണ് അലക്‌സാന്ദ്ര എന്ന അമ്മ. മകൾ വിരാ ചിത്രകല ഇഷ്ടപ്പെടുന്ന കുട്ടിയാണെന്ന് അമ്മ പറയുന്നു.
ചിത്രം വരയ്ക്കാൻ ശരീരം ഉപയോഗിക്കുന്നത് പുതിയ കാര്യമല്ല. പക്ഷെ വെറും പേരും, ജന്മദിനവും, ഫോൺ നമ്പറും എങ്ങനെ ഒരു ഇമേജായി ഉപയോഗിക്കാമെന്ന് ആ അമ്മയുടെ മനസ് കണ്ടു. ആ മനസും ആ ഇമേജിനൊപ്പം ലോകം ഏറ്റെടുക്കുകയും ചെയ്‌തു.