മുക്കം: കളന്തോട് കെഎംസിടി പോളിടെക്നിക് കോളജില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും ഓഫീസുകളില്‍ പൂട്ടിയിട്ടു. ശമ്പളം നല്കാത്തതിനാല് അധ്യാപകര്‍ നടത്തിയ സമരത്തിനെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെട്ട 600 വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ തോറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.
മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നാരോപിച്ച് കെഎംസിടി പോളിടെക്നിക്കിലെ അധ്യാപകര്‍ കഴിഞ്ഞ ജനുവരിയില്‍ നടത്തിയ സമരം മൂലമാണു വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാന്‍ കഴിയാതെ വന്നത്. പരീക്ഷാ ഡ്യൂട്ടി ബഹിഷ്കരിച്ചായിരുന്നു അധ്യാപകരുടെ സമരം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലിഷ് പരീക്ഷയാണു മുടങ്ങിയത്.
അധ്യാപകരുടെ സമരം പിന്നീട് ഒത്തുതീര്‍പ്പായതോടെ, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്നും ആരും തോല്‍ക്കില്ലെന്നും കോളജ് അധികൃതര്‍ മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ ഉറപ്പു നല്‍കിയിരുന്നു. വാക്കുപാലിക്കാതെ മാനേജ്മെന്റ് ചതിച്ചെന്നാണു വിദ്യാര്‍ഥികളുടെ ആരോപണം. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം.