ന്യൂഡല്‍ഹി: ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.35 ശതമാനമായി ഉയര്‍ന്നേക്കാമെന്ന് റോയിട്ടേഴ്സ് പോള്‍ ഫലം. ഭക്ഷ്യവിലയിലെ തുടര്‍ച്ചയായ വര്‍ധനവാണിതിന് കാരണം. ഇത് തുടര്‍ച്ചയായ മൂന്നാം മാസത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതീക്ഷിത നിരക്കിനേക്കാള്‍ ഉയരത്തിലാകാന്‍ കാരണമാകും.
ഫെബ്രുവരി അവസാനത്തോടെ ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് ക്രൂഡ് ഓയിലിന്റെയും ആഗോള ഊര്‍ജത്തിന്റെയും വിലയിലുണ്ടായ വര്‍ദ്ധനയുടെ പൂര്‍ണ്ണ ഫലം ഏപ്രില്‍ വരെ ഉപഭോക്തൃ വിലയില്‍ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം ഇന്ധന പമ്പുകളിലൂടെ ഉപഭോക്താക്കളിലേക്ക് ഇത് പ്രതിഫലിക്കുന്നത് വൈകിയിരുന്നു.
ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.07 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.35 ശതമാനമായി ഉയര്‍ന്നതായി റോയിട്ടേഴ്സ് പോള്‍ ഫലം പറയുന്നു. ഏപ്രില്‍ 4-8 വരെ 48 സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെട്ട പോള്‍ ഫലമാണിത്. 2020 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, ആഗോള ധാന്യ ഉല്‍പ്പാദനം, ഭക്ഷ്യ എണ്ണ വിതരണം, വളം കയറ്റുമതി എന്നിവ തടസ്സപ്പെട്ടതിനാല്‍ പണപ്പെരുപ്പത്തിന്റെ പകുതിയോളം വരുന്ന ഭക്ഷ്യവില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പോള്‍ ഫലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.