തൃശൂർ: വിഷുപ്പുലരിയില്‍ പൊന്‍കണിയൊരുക്കാനും വിപണിയിലേക്കുമായി കൃഷി ചെയ്ത വെള്ളരിപ്പാടങ്ങളിൽ വേനൽമഴ പെയ്തിറങ്ങിയതോടെ വെള്ളിടി വെട്ടിയ അവസ്ഥയിലാണ് കേരളത്തിലെ വെള്ളരി കർഷകർ.കൊല്ലം,ആലപ്പുഴ,തൃശൂർ, പാലക്കാട് മേഖലകളിലാണ് കേരളത്തിൽ വെള്ളരി കൃഷി ഏറെയുള്ളത്.വിളവെടുപ്പ് അടുത്തുവന്നതോടെയാണ് വേനൽമഴയും തൊട്ടുപിന്നാലെ ന്യൂനമർദ്ദവും എത്തിയത്.
കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷവും വിഷു ആഘോഷം കാര്യമായിട്ടുണ്ടായിരുന്നില്ല.വി ഷുവിന്റെ നിറം മങ്ങിയ സാഹചര്യത്തില്‍ വെള്ളരിക്ക് വിലയിടിഞ്ഞത് കര്‍ഷകരെ വലച്ചിരുന്നു. കിലോഗ്രാമിന് 8 മുതല്‍ 10 രൂപ വരെയായിരുന്നു മിക്കയിടങ്ങളിലും വില ഈടാക്കിയിരുന്നത്.കൂടാതെ വെള്ളരിക്ക് ചെറുകിട കച്ചവടക്കാര്‍ക്കിടയില്‍ വലിയ ഡിമാന്റും ഉണ്ടായിരുന്നില്ല.ഇതിനാല്‍ പലരും മൊത്ത വ്യാപാരികള്‍ക്ക് ചെറിയ വിലയ്ക്ക് വെള്ളരി വിൽക്കുകയായിരുന്നു. വിഷു കഴിഞ്ഞും വളരെയധികം വെള്ളരിക്ക ബാക്കിയുണ്ടായിരുന്നതായി കര്‍ഷകര്‍ പറയുന്നു.
ഇത്തവണ വേനല്‍ക്കാല പച്ചക്കറികൃഷി നടത്തുന്നവരെല്ലാം തന്നെ വെള്ളരിക്കയും വന്‍തോതിലാണ് കൃഷി ഇറക്കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും വിഷുവിന് പൊന്‍തിളക്കം വരികയും ചെയ്തതോടെ ഇപ്രാവശ്യം വെള്ളരിക്കയ്ക്ക് നല്ലവില ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കര്‍ഷകർ.