അതൊരു അപൂർവ്വ മുഹൂത്തമായിരുന്നു. ഹെഡ്ഫോൺ വെച്ച് ചിയ്യാരത്തെ റിക്കോർഡിംഗ് സ്റ്റുഡിയോയിലെ മൈക്കിനു മുന്നിൽ നിന്ന് ഹരിത വി കുമാർ സ്വയം മറന്ന് പാടി:
“തീരം കവർന്നെടുത്ത വെൺശംഖിൽ…”
നവാഗതനായ രൂപേഷ് സംവിധാനം ചെയ്യുന്ന ‘കരുണ’ എന്ന സിനിമയിലെ ഗാനമാണിത്. രൂപേഷിൻ്റെ ഭാര്യ ഡോ. മിനിയുടെതാണ് രചന.
തൃശ്ശൂർ ജില്ലാ കളക്ടർ ഹരിതാ വി. കുമാർ ആദ്യമായി ഒരു ഒരു സിനിമയ്ക്കു വേണ്ടി പിന്നണി പാടുകയാണ്. റെക്കോർഡിംഗ് സ്റ്റുഡിയോയിൽ അവർക്ക് പരിഭ്രമോ ആശങ്കകളോ ഉണ്ടായിരുന്നില്ല. സംഗീത സംവിധായകൻ മോഹൻ സിത്താര ‘വൺ ടു ത്രീ’ പറഞ്ഞ് കൈ ഉയർത്തി ഓർക്കസ്ട്ര തുടങ്ങാൻ സൂചന നൽകി.
കാവ്യാത്മകമായ വരികൾ ഹരിതയുടെ ചുണ്ടിൽ നിന്ന് മിക്സറിലൂടെ ഹാർഡ് ഡിസ്ക്കിലേക്ക് പകർന്നു.
ഗാനം പൂർത്തിയായപ്പോൾ മോഹൻസിതാര പറഞ്ഞു:
”വെൽഡൺ കളക്ടർ…”
ശ്യാംകല്യാൺ എന്ന ഹിന്ദുസ്ഥാനി രാഗത്തിൻ്റെ മൂഡിൽ ചിട്ടപ്പെടുത്തിയ ഗാനം.
ഗായികയാവാൻ ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങിയാണ് ഹരിത കണ്ടെൻസ് മൈക്കിൻ മുന്നിലെത്തിയത്. ഒന്നാം ക്ലാസ് മുതൽ സംഗീതം പഠിച്ച ഹരിതാ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കളമശ്ശേരി ഗണപതി കോവിൽ അരങ്ങേറ്റം നടത്തി. ഈയിടെ തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ ഹരിത വി കുമാറിന്റെ ‘നന്ദ നന്ദന ഗോപാല…’യോടെയാണ് ഏകാദശി സംഗീത്തോത്സവം ആരംഭിച്ചത്.
മൂന്നാം ക്ലാസ് മുതൽ ഹരിത നൃത്തവും പഠിച്ചിട്ടുണ്ട് മോഹൻ സിതാരയുടെ മകൻ വിഷ്ണുവാണ് പാർട്ടിയെ റെക്കോർഡിങ് നിർവഹിച്ചത്.
‘കരുണ’യുടെ ചിത്രീകരണം ഇപ്പോൾ മലപ്പുറത്ത് നടക്കുകയാണ്.