കനത്തമഴയിൽ കരിമുഗൾ പീച്ചിങ്ങച്ചിറയിൽ ഇതരസംസ്ഥാനതൊഴിലാളികൾ താമസിച്ചിരുന്ന താത്കാലിക ഷെഡ് ഇടിഞ്ഞ് മുപ്പതടിയോളം താഴേക്ക് പതിച്ചു. പതിനഞ്ച് പേർ താമസിച്ചിരുന്ന ഷെഡിൽ അപകടസമയത്ത് പത്തുപേരോളമുണ്ടായിരുന്നു.
ഇവർ ഷെഡിനൊപ്പം താഴേക്ക് വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുത്തൻകുരിശ് പഞ്ചായത്ത് ആറാം വാർഡിൽ ഇന്നലെ രാത്രിയാണ് അപകടം. അപകടത്തിൽപ്പെട്ട രണ്ടു പേരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വലിയമലയുടെ ഒരുഭാഗം മുപ്പതടിയോളം താഴ്ചയിൽ മണ്ണെടുത്തശേഷം കരിങ്കല്ല് ഉപയോഗിച്ച് കെട്ടിനിർത്തിയ ഭാഗത്തിന് മുകളിലായി സ്ഥാപിച്ച താത്കാലിക ഷെഡാണ് ഇടിഞ്ഞുവീണത്. പഴയ മെഷിനറികൾ വാങ്ങി പൊളിച്ചുമാറ്റുന്ന മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഷെഡിലുണ്ടായിരുന്നത്. ഇവർക്ക് വാടകയ്ക്ക് നൽകിയ സ്ഥലത്താണ് ഷെഡ് സ്ഥാപിച്ചിരുന്നത്. മണ്ണെടുത്ത് മാറ്റിയതിന്റെ താഴ്ഭാഗം പ്ളോട്ടുകളായി തിരിച്ച് വില്പനയ്ക്ക് തയാറാക്കി ഇട്ടിരിക്കുകയാണ്. പ്രദേശവാസിയായ ഒരു കരാറുകാരന്റേതാണ് സ്ഥലം.