ന്യൂഡൽഹി : ചുവന്ന മുളകുപൊടിക്ക് പകരം പച്ചമുളകുപൊടി വികസിപ്പിച്ചെടുത്ത് ഇന്ത്യ.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ചാണ് പച്ചമുളകുപൊടി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് പച്ചമുളകുപൊടി തയ്യാറാക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ചിന് പച്ചമുളകുപൊടിയുടെ പേറ്റന്റും ലഭിച്ചു. വിപണിയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹിമാചല്‍പ്രദേശിലെ കമ്ബനിയുമായി ഐഐവിആര്‍ ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ അനുസരിച്ച് പച്ചമുളകുപൊടി നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഐഐവിആര്‍ സ്വകാര്യകമ്ബനിക്ക് കൈമാറും.
സാധാരണ താപനിലയില്‍ മാസങ്ങളോളം പച്ചമുളകുപൊടി സൂക്ഷിക്കാന്‍ സാധിക്കുമെന്ന് ഐഐവിആര്‍ ഡയറക്ടര്‍ തുസാര്‍ കാന്തി ബെഹറ പറഞ്ഞു.ഇതില്‍ 30 ശതമാനം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.