തിരുവനന്തപുരം: പൊലീസിനെതിരെ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാശർമ്മ. കമ്മീഷന് മുന്നിൽ വരുന്ന പരാതികളിൽ പൊലീസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സമയബന്ധിതമായ റിപ്പോർട്ട് നൽകുന്നില്ലെന്ന് കമ്മീഷൻ അധ്യക്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ ഡിജിപിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും രേഖാശർമ്മ പറഞ്ഞു. നാലുവർഷം പഴക്കമുള്ള കേസുകളിൽ പൊലീസ് റിപ്പോർട്ട് വൈകുന്നതിനാൽ തീർപ്പുണ്ടാക്കാനുന്നില്ലെന്ന് ദേശീയ കമ്മീഷൻ അധ്യക്ഷ പറയുന്നു. 289 കേസുകളിൽ പൊലീസ് റിപ്പോർട്ട് കമ്മീഷൻ കാത്തിരിക്കുന്നു. ആവർത്തിച്ച് നോട്ടീസുകള്‍ നൽകിയിട്ടും പൊലീസ് റിപ്പോർട്ട് നൽകുന്നില്ല. റിപ്പോർട്ടുകള്‍ വൈകുന്നതിനാൽ കമ്മീഷൻ പരാതികളിൽ തീർപ്പുണ്ടാക്കാനും കഴിയുന്നില്ലെന്നാണ് രേഖാശർമ്മയുടെ വിമർശനം.
പൊലീസ് റിപ്പോർട്ടുകള്‍ വൈകുന്നതിനാൽ കമ്മീഷനു മുന്നിലെ പരാതികളിൽ തീർപ്പുണ്ടാക്കാൻ പരാതിക്കാരെയും പൊലീസിനെ കമ്മീഷൻ നേരിട്ട് വിളിപ്പിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉള്‍പ്പെടെ ജില്ലാ പൊലീസ് മേധാവിമാർ ദേശീയ വനിതാ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരായി. പരാതികളിൽ കുറ്റപത്രം വൈകുന്നതിൽ കമ്മീഷൻ അന്വേഷണ ഉദ്യോഗസ്ഥരോട് അതൃത്പതിയും രേഖപ്പെടുത്തി. ഇതിനിടെ ഭതൃവീട്ടിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീണിന്‍റെ അച്ഛൻ വനിത കമ്മീഷൻ അധ്യക്ഷക്ക് പരാതി നൽകി. പൊലീസ് നൽകിയ കുറ്റപത്രം പൂർണമല്ലെന്നും ഇപ്പോഴും പ്രതികളിൽ നിന്നും ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മൊഫിയുടെ അച്ഛന്‍റെ പരാതി.