ന്യൂഡല്‍ഹി: ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണ്‍, കടക്കെണിയിലായ വോഡഫോണ്‍ ഐഡിയയില്‍ തങ്ങളുടെ ഓഹരി 47.61 ശതമാനമായി ഉയര്‍ത്തി. അനുബന്ധ സ്ഥാപനമായ പ്രൈം മെറ്റല്‍സ് വഴിയാണ് തങ്ങളുടെ ഓഹരി 47.61 ശതമാനമായി ഉയര്‍ത്തിയത്. കമ്പനിക്ക് വോഡഫോണ്‍ ഐഡിയ ലിമിറ്റഡില്‍ (വിഐഎല്‍) 44.39 ശതമാനം ഓഹരികള്‍ നേരത്തെ ഉണ്ടായിരുന്നു.
വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 7.61 ശതമാനം പ്രതിനിധീകരിക്കുന്ന 2,18,55,26,081 ഇക്വിറ്റി ഷെയറുകള്‍ പ്രൈം മെറ്റല്‍സ് കൈവശം വച്ചിട്ടുണ്ട്. കമ്പനിയുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യൂവിന് അനുസൃതമായി ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കുന്നതിലൂടെ പ്രൈം മെറ്റല്‍സ് കമ്പനിയുടെ 570,958,646 ഇക്വിറ്റി ഷെയറുകള്‍ സ്വന്തമാക്കിയതായി ഫയലിംഗില്‍ പറയുന്നു.
യൂറോ പസഫിക് സെക്യൂരിറ്റീസ്, പ്രൈം മെറ്റല്‍സ്, ഒറിയാന ഇന്‍വെസ്റ്റ്‌മെന്റ് എന്നീ മൂന്ന് പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് ഒരു ഓഹരിക്ക് 13.30 രൂപ നിരക്കില്‍ 338.3 കോടി ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കാന്‍ 4,500 കോടി രൂപയ്ക്ക് ബോര്‍ഡ് അനുമതി നല്‍കിയതായി വോഡഫോണ്‍ ഐഡിയ അറിയിച്ചിരുന്നു.ഇതില്‍ 1,96,66,35,338 ഇക്വിറ്റി ഷെയറുകള്‍ യൂറോ പസഫിക് സെക്യൂരിറ്റീസിനും, 57,09,58,646 ഇക്വിറ്റി ഷെയറുകള്‍ പ്രൈം മെറ്റല്‍സിനും, 84,58,64,661 ഇക്വിറ്റി ഷെയറുകള്‍ ഒറിയാന ഇന്‍വെസ്റ്റ്‌മെന്റ്സിനും അനുവദിക്കും. മാര്‍ച്ചില്‍ വോഡഫോണ്‍ ഐഡിയ 14,500 കോടി രൂപയുടെ ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ചിരുന്നു, അതില്‍ പ്രൊമോട്ടര്‍മാര്‍ 4,500 കോടി രൂപ നിക്ഷേപിക്കുമെന്നും അറിയിച്ചിരുന്നു.