KeralaNEWS

വീണ്ടും പ്രതിഷേധവുമായി ഐ.എന്‍.ടി.യു.സി; സതീശന്റെ ചിത്രങ്ങള്‍ കീറിയെറിഞ്ഞ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ കഴക്കൂട്ടത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഐ.എന്‍.ടി.യു.സി കഴക്കൂട്ടം മണ്ഡലം കമ്മറ്റിയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. വി.ഡി. സതീശനെതിരേയും ഐ.എന്‍.ടി.യു.സി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന് അനുകൂലമായിട്ടും മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. പ്രതിഷേധത്തിനിടെ സതീശന്റെ ചിത്രം ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു. ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി ലാലുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘ആരാടാ വിഡി സതീശന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.

ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയാണ് വി.ഡി. സതീശന്‍ ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസ് സംഘടനയല്ലെന്ന് പറഞ്ഞത്. നേരത്തെ ചങ്ങനാശേരി മാര്‍ക്കറ്റിലെ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരും സതീശനെതിരേ പ്രകടനം നടത്തിയിരുന്നു. സതീശന്റെ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധം ശക്തമാവുന്നതിനിടെ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഐ.എന്‍.ടി.യു.സി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്തു. ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ള ഭാരവാഹികള്‍ സതീശനെതിരേയായാണ് നിലപാട് സ്വീകരിച്ചതെന്നാണ് വിവരം.

Signature-ad

തിങ്കളാഴ്ച സംസ്ഥാന പ്രസിഡന്റ് തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനം വിളിച്ചുചേര്‍ത്ത് സംഘടനയുടെ നിലപാട് വ്യക്തമാക്കും. വിഷയം കെ.പി.സി.സി ഇടപെട്ട് പരിഹരിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ എങ്ങനെയാകും എന്ന കാര്യവും വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കും. കെ.പി.സി.സി നേതൃത്വം അനുനയ നീക്കമൊന്നും നടത്താത്തതും വി.ഡി സതീശന്‍ നിലപാട് ആവര്‍ത്തിച്ചതുമാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ഐ.എന്‍.ടി.യു.സി നേതൃത്വത്തെ പ്രേരിപ്പിച്ചത്.

സതീശന് എതിരായ പ്രകടനത്തില്‍ നടപടി വേണമെന്ന് കെ.പി.സി.സി യോഗത്തില്‍ ആവശ്യം. ജോസി സെബാസ്റ്റ്യനാണ് ആവശ്യം ഉന്നയിച്ചത്. സംഭവത്തില്‍ ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അറിയിച്ചു. അതേസമയം, പ്രതിപക്ഷ നേതാവ് കോട്ടയം ജില്ലയില്‍ വരുന്നതും പോകുന്നതും അറിയിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞിരുന്നു. ഡി.സി.സി പ്രസിഡന്റ് എന്ന പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കാനാണ് ഇന്നലെ യു.ഡി.എഫ്. യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്ന് സുരേഷ് പറഞ്ഞു. ഇന്നലെ നടന്ന കെറെയില്‍ പ്രതിഷേധ ജനസദസ്സില്‍ നാട്ടകം സുരേഷ് പങ്കെടുത്തിരുന്നില്ല.

 

Back to top button
error: