KeralaNEWSReligion

പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം

തിരുവനന്തപുരം: സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റംസാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ റംസാന്‍ വ്രതാരംഭമായിരിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു.

നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി ദൃശ്യമായിരുന്നു. തുടര്‍ന്ന് നാളെ തെക്കന്‍ കേരളത്തില്‍ റംസാന്‍ ഒന്നായിരിക്കുമെന്ന് പാളയം ഇമാം പ്രഖ്യാപിച്ചിരുന്നു. റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ (കെ.എന്‍.എം) കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

Signature-ad

മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ഇന്ന് റമദാന്‍ വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചു. ദക്ഷിണ ഓസ്‌ട്രേലിയയില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് വ്രതം തുടങ്ങി. ഈജിപ്തിലെ ഇസ്ലാം മത വിശ്വാസികളും ഇന്ന് വ്രതം തുടങ്ങി. അതേസമയം ഒമാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഏപ്രില്‍ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് ഇന്നലെ അറിയിച്ചത്.

Back to top button
error: