ആലപ്പുഴ ∙ മൂന്നു ജില്ലകളുടെ അതിർത്തി പങ്കിടുന്ന അപൂർവമായൊരു കാഴ്ചയാണ് ഊന്നുകല്ലിൽ കാത്തിരിക്കുന്നത്–ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം. ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്തിന്റെയും പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിന്റെയും അതിർത്തികൾ സംഗമിക്കുന്ന സ്ഥലത്താണ് തിരുവിതാംകൂർ ഭരണകാലം മുതൽ നിലനിൽക്കുന്ന ഊന്നുകല്ല് നിൽക്കുന്നത്. ഇതിന്റെ തൊട്ടടുത്തു വരെ കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തും അതിർത്തി പങ്കിടുന്നുണ്ട്. ഗ്രാമത്തിന്റെ പേര് ഊന്നുകല്ല് എന്നായി മാറിയതിനു പിന്നിലും ഒരു കഥയുണ്ട്.
തിരുവിതാംകൂർ ദിവാനായിരുന്ന മാധവരായർ വികസിപ്പിച്ച പ്രധാന പൊതു ചന്തകളിലൊന്നായ താമരക്കുളം മാധവപുരം ചന്തയിലേക്കുള്ള യാത്രാമധ്യേയാണ് പണ്ടു കാലത്ത് ഊന്നുകല്ല് സ്ഥാപിച്ചത്. കിഴക്കൻ നാടുകളിൽനിന്നു നടന്നെത്തുന്ന കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ചുമട് വച്ച് വിശ്രമിക്കാൻ സ്ഥാപിച്ച ചുമടുതാങ്ങിയാണ് ഊന്നുകല്ല്. ആദ്യം തിരുവിതാംകൂർ സംസ്ഥാനവും പിന്നീട് തിരു–കൊച്ചി സംസ്ഥാനവും രൂപീകരിച്ചപ്പോൾ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു ഈ കല്ല്. ആദ്യം ആലപ്പുഴ ജില്ലയും പിന്നീട് പത്തനംതിട്ട ജില്ലയും രൂപീകരിച്ചതോടെ മൂന്നു ജില്ലകളുടെ അതിർത്തിയായി ഈ ഗ്രാമം മാറി. കല്ലിന്റെ കിഴക്കു ഭാഗം പത്തനംതിട്ട ജില്ലയും തെക്കു ഭാഗം കൊല്ലം ജില്ലയും വടക്കു പടിഞ്ഞാറു ഭാഗം ആലപ്പുഴ ജില്ലയുമായി.
അതിർത്തി ഗ്രാമമായതിനാൽ തന്നെ ഇന്നാട്ടുകാർക്ക് വിവിധ ആവശ്യങ്ങൾക്കായി മൂന്നു ജില്ലകളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. ആലപ്പുഴ ജില്ലയിലുൾപ്പെടുന്ന ഊന്നു കല്ല് ഗ്രാമത്തിലേക്കു വൈദ്യുതിയെത്തുന്നത് പത്തനംതിട്ട ജില്ലയുടെ ഭാഗമായ കെഎസ്ഇബി സെക്ഷനിൽ നിന്നാണ്. ജലവും പത്തംതിട്ടയിൽനിന്നെത്തണം. അതിനാൽ വഴിവിളക്കു തെളിയിക്കുന്നതിന് പാലമേൽ പഞ്ചായത്തിനേക്കാള് പള്ളിക്കൽ പഞ്ചായത്തിനെ ആശ്രയിക്കേണ്ട അവസ്ഥ! നേരത്തേ ബസ് സർവീസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള് ആലപ്പുഴയിലേക്ക് യാത്ര ചെയ്യണമെങ്കിൽ നാലു കിലോമീറ്ററിലധികം നടന്നോ സ്വകാര്യ വാഹനങ്ങളിലോ സഞ്ചരിക്കണം. കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കുള്ള ബസ് കിട്ടണമെങ്കിൽ രണ്ടു കിലോമീറ്ററോളം സഞ്ചരിക്കണമെന്നും നാട്ടുകാർ പറയുന്നു.