1800 കളിലാണ് തിരുനൽവേലി ഹൽവയുടെ ചരിത്രം തുടങ്ങുന്നത്. “ചൊൽകാം പെട്ടി” എന്ന നാട്ടുരാജ്യത്തെ രാജാവ് കാശിയിൽ പോയപ്പോൾ കഴിച്ച ഹൽവയുടെ രുചി ഇഷ്ടപ്പെട്ടു. രജപുത്രനായ പാചകക്കാരൻ ജഗൻ സിങ്ങിനെ നാട്ടുരാജ്യത്തെ രാജാവ് തിരുനെൽവേലിയിലേയ്ക്ക് കൂടെകൂട്ടി. പിന്നീട് ജഗൻ സിംഗ് തിരുനെൽവേലിയിൽ ലക്ഷ്മി വിലാസ് എന്ന പേരിൽ ഹൽവ കട ആരംഭിച്ചു.ഇപ്പോൾ ജഗൻ സിങ്ങിന്റെ പിൻ മുറക്കാരൻ കൃഷ്ണ സിംഗ് ഇവിടെ ഹൽവ കച്ചവടം നടത്തുന്നുണ്ട്- ഇരുട്ട് കട എന്ന പേരിൽ. 1900ലാണ് ഈ ഇരുട്ട് കട തുടങ്ങിയത്.തിരുനെൽവേലിയിലെ ഒട്ടുമിക്ക കടകളിൽ നിന്നും തിരുനെൽവേലി ഹൽവ കിട്ടുമെങ്കിലും ‘നല്ല തറവാട്ടിൽ പിറന്ന തിരുനെൽവേലി ഹൽവ’ കിട്ടണമെങ്കിൽ ഇരുട്ട് കടയിൽ ക്യൂ നിന്ന് തന്നെ വാങ്ങണം.വൈകിട്ട് മാത്രമേ തുറക്കുകയുള്ളൂ.അതിനാലാണ് ഇരുട്ടുകടയെന്ന പേര്.
മരത്തിന്റെ പഴയ നിരത്ത് പലകകൾ നിരത്തിയ ഒരു പഴയ കടയാണ് ഇരുട്ട് കട.മണിക്കൂറുകളോളം ക്യൂ നിന്നാൽ മാത്രമേ ഈ ‘ സ്വയമ്പൻ’ സാധനത്തെ ഒന്ന് കാണാൻ പോലും സാധിക്കൂ എന്നതാണ് സത്യം. പ്രമുഖരായ പല സിനിമാതാരങ്ങൾ പോലും ഇവനെ കിട്ടാനായി മണിക്കൂറുകളോളം ക്യൂ നിന്നിട്ടുള്ള കടയാണ് ഈ ഇരുട്ടുകട. വൈകിട്ട് അഞ്ചുമണിയ്ക്ക് തുറക്കുന്ന കടയിൽ ഹൽവ വാങ്ങാനായി എത്തുന്നവരുടെ ക്യൂ ഉച്ചതിരിയുമ്പോൾ തന്നെ തുടങ്ങും.കട തുറന്ന് ഒന്നോരണ്ടോ മണിക്കൂറിനുള്ളിൽ തന്നെ മുഴുവൻ വിറ്റുതീരുമെന്നതിനാൽ താമസിച്ചെത്തുന്നവര്ക്ക് പലര്ക്കും ഹൽവ കിട്ടാറില്ല.
തിരുനൽവേലി, തൂത്തുക്കുടി ജില്ലകളിലൂടെ ഒഴുകുന്ന “താമരഭരണി” പുഴയിലെ ജലമാണു തിരുനൽവേലി ഹൽവയ്ക്ക് ഇത്രമേൽ രുചി ഉണ്ടാവാൻ കാരണം എന്നാണ് പറയപ്പെടുന്നത്. 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ഗോതമ്പ് അരച്ച് പാൽപരുവമാക്കി അത് നെയ്യും, പഞ്ചസാരയും, താമരഭരണി പുഴയിലെ വെള്ളവും ചേർത്ത് കുറുക്കി എടുത്താണ് തിരുനൽവേലി ഹൽവ നിര്മ്മിക്കുന്നത്.നമ്മുടെ ഹൽവയേക്കാൾ മാധുര്യമുള്ള ഹൽവയാണ് തിരുനെൽവേലി ഹൽവ.കയ്യിൽ ഒട്ടിപ്പിടിക്കാത്ത, ജല്ലി പോലെയാണ് അതിന്റെ പരുവം.ഈ ഹൽവ വായിലിട്ടാൽ അലിഞ്ഞ് പോകും.
ചേരുവകൾ
നുറുക്ക് ഗോതമ്പ് – ഒരു കപ്പ്
പഞ്ചസാര – രണ്ടര കപ്പ്
നെയ്യ് – ഒരു കപ്പ്
ഏലക്കാപ്പൊടി -ഒരു ടീസ്പൂൺ അണ്ടിപ്പരിപ്പ് – അര കപ്പ്
തയാറാക്കുന്ന വിധം…
നുറുക്കുഗോതമ്പ് നന്നായി കഴുകി കുറഞ്ഞത് ആറു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.നന്നായി കുതിർന്ന ഗോതമ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഗോതമ്പിലേക്ക് നാല് കപ്പ് വെള്ളം കൂടി ചേർത്ത് യോജിപ്പിച്ചതിനുശേഷം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.അരിച്ചെടുത്ത ഗോതമ്പ് പാല് പുളിക്കാനായി കുറഞ്ഞത് എട്ടു മണിക്കൂർ മാറ്റി വയ്ക്കുക.എട്ടു മണിക്കൂർ കഴിയുമ്പോൾ മുകളിൽ തെളിഞ്ഞ വെള്ളം കോരി കളയുക. ബാക്കിയുള്ള ഗോതമ്പ് പാലിലേക്ക് രണ്ടര കപ്പ് വെള്ളം കൂടി ചേർത്ത് യോജിപ്പിക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഗോതമ്പ് പാൽ എടുത്ത് തുടരെ ഇളക്കി കുറുക്കുക. നന്നായി കുറുകി ഏകദേശം 10 മിനിറ്റ് ആവുമ്പോൾ 2 കപ്പ് പഞ്ചസാര ചേർത്ത് യോജിപ്പിക്കുക.ഈ സമയം തന്നെ മറ്റൊരു അടുപ്പിൽ ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ അര കപ്പ് പഞ്ചസാര ചൂടാക്കി തുടരെ ഇളക്കി കാരമൽ സിറപ്പ് തയാറാക്കുക. നല്ല ബ്രൗൺ നിറം ആകുമ്പോൾ ഹൽവയിലേക്ക് ഒഴിച്ച് യോജിപ്പിക്കുക.
കാരമൽ നിറം ഹൽവയിലേക്ക് നന്നായി പിടിച്ചു കഴിയുമ്പോൾ നെയ്യ് ചേർത്തു കൊടുക്കാം. ഒരു കപ്പ് നെയ്യ് നാല് തവണയായി അഞ്ചുമിനിറ്റ് ഇടവേളയിൽ ചേർത്തുകൊടുക്കാം. തുടരെ ഇളക്കിക്കൊണ്ടിരിക്കണം.തയാറാക്കാൻ തുടങ്ങി ഏകദേശം 50 മിനിറ്റ് ആകുമ്പോൾ ഹൽവ വശങ്ങളിൽ നിന്നും വിട്ടു വരാൻ തുടങ്ങും. ഏലക്കാപൊടിയും ചെറുതായി നുറുക്കിയ കശുവണ്ടിയും ചേർത്ത് യോജിപ്പിക്കുക. അല്പസമയം കൂടി ഇളക്കി കഴിയുമ്പോൾ ചേർത്തു കൊടുത്ത നെയ്യ് പുറത്തേക്ക് ഇറങ്ങി വരാൻ തുടങ്ങും. ഈ സമയത്ത് തീ ഓഫ് ചെയ്തു ചൂടാറാൻ വേണ്ടി മാറ്റി വയ്ക്കാം.തിരുനെൽവേലി ഹൽവ റെഡി !