യുക്രെയ്നില്‍ മാനുഷിക പരിഗണന വേണമെന്ന് പ്രമേയവുമായി റഷ്യ; അപഹാസ്യമെന്ന് യു.എസ്. അംബാസഡര്‍
മോസ്കോ: യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ച് റഷ്യ. യുക്രെയ്നില്‍ മാനുഷിക പ്രതിസന്ധിയുണ്ടെന്നും ഒഴിപ്പിക്കല്‍ സുഗമമാക്കാന്‍ നടപടിയുണ്ടാകണമെന്നുമായിരുന്നു റഷ്യ അവതരിപ്പിച്ച പ്രമേയത്തിന്റെ ഉള്ളടക്കം. ബെലാറൂസ്, സിറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു പ്രമേയം അവതരിപ്പിച്ചത്. സുരക്ഷാ സമിതിയിലെ 15 അംഗങ്ങളില്‍ ഇന്ത്യയും മറ്റു 12 രാജ്യങ്ങളും വിട്ടുനിന്നു. ചൈനയും റഷ്യയും മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്.
ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും സ്ത്രീകള്‍, കുട്ടികള്‍ സഹായം ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്കി യുദ്ധം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നും പുറത്തെത്തിക്കണമെന്നുമായിരുന്നു റഷ്യയുടെ ആവശ്യം. അധിനിവേശവുമായി ബന്ധപ്പെട്ട് യാതൊരു പരാമര്‍ശവുമില്ലാതെയായിരുന്നു റഷ്യയുടെ പ്രമേയം.
ചില രാജ്യങ്ങള്‍ റഷ്യയുടെ പ്രമേയവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ചെങ്കിലും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്‍പും രണ്ട് തവണ റഷ്യയുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. യുദ്ധം ആരംഭിച്ച റഷ്യ തന്നെ മാനുഷിക ഇടപെടല്‍ ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. യുക്രെയ്നിലെ ദുരന്തത്തിന് ഏക കാരണം റഷ്യയാണെന്നും റഷ്യയെ ഒരിക്കലും അനുകൂലിക്കില്ലെന്നും യുകെ അംബാസഡര്‍ ബാര്‍ബറ വുഡ്വാര്‍ഡ് പറഞ്ഞു.