World

ചൈന വിമാനാപകടം: മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി; കോക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ പരിശോധിക്കും

ബെയ്ജിങ്: 132 യാത്രക്കാരുമായി ചൈനീസ് മലനിരക്കില്‍ തകര്‍ന്നുവീണ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ബോയിങ് 737800 വിമാനത്തിന്റെ കോക്പിറ്റിലെ വോയിസ് റെക്കോര്‍ഡര്‍ വിശകലനം ചെയ്യുന്നു. അപകടം നടന്ന സ്ഥലത്തുനിന്നു മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി രക്ഷാദൗത്യ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതായാതാണ് വിവരം. ജീവനോടെ ആരെയും കണ്ടെത്തിയിട്ടില്ല.

നിലവില്‍ കണ്ടെത്തിയ വോയ്‌സ് റെക്കോര്‍ഡറിന്റെ സ്റ്റോറേജ് യൂണിറ്റുകള്‍ക്ക് ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലും ഡീക്കോഡ് ചെയ്യുന്നതിനായി ബെയ്ജിങ് ഇന്‍സ്റ്റിറ്റൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ചൈന സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഇതിനു പുറമേ രണ്ടാമത്തെ റെക്കോര്‍ഡറിനായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അതു ലഭിച്ചാല്‍ ടേക്ക് ഓഫിനു മുന്‍പ് സുരക്ഷാ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയ വിമാനം എങ്ങനെ പാതിവഴിയില്‍ തകര്‍ന്നു എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കുമെന്നും അറിയിച്ചു.

Signature-ad

തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാന്റെ തലസ്ഥാനമായ കുന്‍മിങ്ങില്‍നിന്ന് ഹോങ്കോങ്ങിനടത്തുള്ള ഗ്വാങ്ചൗ നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. അപകടകാരണം വ്യക്തമായിട്ടില്ല. വിമാനം പൊട്ടിത്തകര്‍ന്ന് തീപിടിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരില്‍ 9 പേര്‍ വിമാനജോലിക്കാരായിരുന്നു. 300ല്‍ അധികം രക്ഷാപ്രവര്‍ത്തകരാണ് സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. വിമാനത്തില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ ലഭിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.11ന് കുന്‍മിങ്ങില്‍നിന്നു പുറപ്പെട്ട വിമാനം 3.05 ന് ഗ്വാങ്ചൗവില്‍ ഇറണ്ടേണ്ടതായിരുന്നു. വുഷു എന്ന നഗരത്തിനു മുകളില്‍ പറക്കുമ്പോഴാണ് വിമാനവുമായുള്ള ബന്ധമറ്റത്. 29,100 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം രണ്ടര മിനിറ്റിനുള്ളില്‍ 3225 അടിയിലേക്കു താഴ്ന്നതായി വിമാനങ്ങളുടെ പറക്കല്‍ നിരീക്ഷിക്കുന്ന ഫ്‌ലൈറ്റ് റഡാര്‍24 രേഖപ്പെടുത്തിയിട്ടുണ്ട്. വുഷുവിലെ കാലാവസ്ഥ സാധാരണമായിരുന്നു. 6 വര്‍ഷം പഴക്കമുള്ളതാണ് വിമാനം. ചൈനയിലെ ഏറ്റവും വലിയ വ്യോമയാന കമ്പനിയാണ് ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്. ലോകത്ത് ഏറ്റവും മികച്ച വ്യോമയാന സുരക്ഷയുള്ള രാജ്യങ്ങളിലൊന്നാണു ചൈന.

 

Back to top button
error: