റെയില്‍വേ ട്രാക്കിലേക്ക് ചാടി കൗമാരക്കാരന്; തള്ളിമാറ്റി രക്ഷപ്പെടുത്തി ജി.ആര്.പി. ഉദ്യോഗസ്ഥന്
മുംബൈ: എക്സ്പ്രസ് ട്രെയിനു മുന്പില് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച കൗമാരക്കാരനെ രക്ഷപ്പെടുത്തി ഗവണ്മെന്റ് റെയില്‍വേ പോലീസ് (ജി.ആര്.പി.) ഉദ്യോഗസ്ഥന്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഠല്വാടി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉദ്യോഗസ്ഥന് കൗമാരക്കാരനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. 18 വയസ്സുള്ള ആണ്‍കുട്ടിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മധുര എക്സ്പ്രസ് ട്രെയിന്‍ വരുന്ന സമയത്ത്, പ്ലാറ്റ്ഫോമിന് അരികിലായി കുട്ടി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിറകിലേക്ക് നീങ്ങിനില്ക്കാന് ആവശ്യപ്പെട്ട ശേഷം ജി.ആര്.പി. ഉദ്യോഗസ്ഥന് മുന്നോട്ടുപോകുന്നുണ്ട്. എന്നാല്‍ അല്പസമയത്തിനു ശേഷം ഇദ്ദേഹം തിരിഞ്ഞുനോക്കുമ്പോള്‍ കുട്ടി ട്രാക്കിലേക്ക് ചാടുന്നത് കാണുകയായിരുന്നു.
ട്രാക്കിലേക്ക് ചാടിയ കുട്ടി ഒന്നുരണ്ടു ചുവടുകള്‍ മുന്നോട്ടു നീങ്ങുന്നുമുണ്ട്. ഇതോടെ ഉദ്യോഗസ്ഥന് ട്രാക്കിലേക്ക് ചാടിയിറങ്ങി കുട്ടിയെ അപ്പുറത്തേക്ക് തള്ളിമാറ്റി. തൊട്ടുപിന്നാലെ ട്രെയിന്‍ കടന്നുപോകുന്നതും കാണാം. എന്തിനാണ് ട്രെയിനു മുന്നില്‍ ചാടിയതെന്ന് പറഞ്ഞില്ലെന്നും കുട്ടി വല്ലാതെ ഭയപ്പെട്ടിരുന്നെന്നും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.