ഹൈദരാബാദ്: ഹോളി ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തെലുങ്ക് നടി ഗായത്രി (ഡോളി ഡിക്രൂസ്- 26) വാഹനാപകടത്തില്‍ മരിച്ചു. സുഹൃത്ത് റാത്തോഡുമൊത്ത് വീട്ടിലേക്ക് പോകുമ്പോഴാണ് കാര്‍, ഗച്ചി ബാലിയിൽ വച്ച് അപകടത്തില്‍ പെട്ടത്. റാത്തോഡ് ആണ് വാഹനം ഓടിച്ചിരുന്നത്. കാര്‍ നിയന്ത്രണംവിട്ട് ഒരു ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. കാല്‍നടയാത്രക്കാരിയായ യുവതിയുടെ മുകളിലേയ്ക്കാണ് കാർ മറിഞ്ഞത്. ഗായത്രിയോടൊപ്പം 38 വയസ്സുള്ള ആ വഴിയാത്രക്കാരിയും തൽക്ഷണം മരണപ്പെട്ടു. പ്രദേശവാസികള്‍ റാത്തോഡിനെ ഉടനടി സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
തെലുങ്കില്‍ വലിയ ആരാധക പിന്തുണ നേടിയെടുത്ത നടിയാണ് ഗായത്രി. ആദ്യം സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഗായത്രി ആസ്വാദകശ്രദ്ധ നേടി എടുത്തത്.
പിന്നീട് തെലുങ്ക് വെബ് സിരീസ് ആയ ‘മാഡം സര് മാഡം ആന്തേ’യില്‍ അവതരിപ്പിച്ച വേഷവും ശ്രദ്ധിക്കപ്പെട്ടു. നിരവധി ഹ്രസ്വചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്.