NEWS
കേട്ടിട്ടുണ്ടോ, കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ- എന്ന ഗാനം ?
“കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ ”
ആദ്യമായി കേൾക്കുകയായിരുന്നു ആ പാട്ട്.വ്യക്തമായി പറഞ്ഞാൽ 1990-ന്റെ ആദ്യം.പിന്നീട് ഏതാനും വർഷങ്ങൾക്കു ശേഷം ഡൽഹിയിലേക്ക് നടത്തിയ ഒരു ട്രെയിൻ യാത്രയിൽ വച്ചും ആ പാട്ട് കേട്ടു.മൂന്നു ദിവസത്തെ യാത്രാവിരസത ഒഴിവാക്കാൻ ആരൊക്കെയോ ചേർന്ന് പാടിയത്. സിനിമാഗാനമല്ല, തീർച്ച. റേഡിയോയിലും മറ്റും കേട്ട ഓർമ്മയുമില്ല.അത്രമേൽ അസാധാരണത്വമൊന്നും അവകാശപ്പെടാനില്ലെങ്കിലും, വിഷാദമധുരമായ ശബ്ദത്തിൽ പാടിക്കേൾക്കുമ്പോൾ മനസ്സിന്റെ ഏതൊക്കെയോ അജ്ഞാതമായ കോണുകളിൽ അത് ചെന്ന് തൊടുന്നുണ്ടായിരുന്നു.
പിന്നെയും നിരവധി തവണ ഈ പാട്ട് കേട്ടു.ട്രെയിനിലും മറ്റും ഈ പാട്ടിനെപ്പറ്റി സംസാരിക്കുന്നവരെ പല തവണ നേരിൽ കാണുകയും ചെയ്തു.പക്ഷെ ഈ പാട്ടിനെപ്പറ്റി ആർക്കും കൂടുതലായൊന്നും അറിയുകയുമില്ലായിരുന്നു.ചിലർക് കൊക്കെ നഷ്ടപ്രണയത്തിന്റെ വിങ്ങലാണ് ആ ഗാനം.മറ്റു ചിലർക്ക് ഗൃഹാതുരത്വത്തിന്റെ മധുരാനുഭൂതിയും.പണ്ഡിതപാമര ഭേദമന്യേ മലയാളികളെ ആ പാട്ട് ഇത്രയേറെ വശീകരിക്കാൻ കാരണം എന്താവാം? ആരാണ് ആ പാട്ടിന്റെ രചയിതാവ് ?!
ഡൽഹിയിലെത്തി വർഷങ്ങൾക്കു ശേഷം ഐഎൻഎ മാർക്കറ്റിൽ വച്ച് വാങ്ങിയ ഒരു കാസറ്റിൽ ആ പാട്ട് വീണ്ടും കേട്ടു.ശമ്പളം കിട്ടുമ്പോഴെല്ലാം ഇങ്ങനെ ഏതെങ്കിലുമൊക്കെ കാസറ്റ് വാങ്ങുക പതിവുണ്ട്.അന്നത്തെ കാലത്ത് റൂമിലെ ബോറടി മാറ്റാൻ കാസറ്റുകളിലെ പാട്ട് മാത്രമായിരുന്നു ശരണം.ചാന്ദ്നി ചൗക്കിൽ നിന്നും വാങ്ങിയ ഒരു സ്റ്റീരിയോയിൽ വർഷങ്ങൾക്കു ശേഷം വീണ്ടും വീണ്ടും ആ പാട്ട് ആസ്വദിച്ചു കേട്ടു.
കാസറ്റ് കച്ചവടം കൊടുമ്പിരി കൊണ്ടിരിക്കുന്ന തൊണ്ണൂറുകളിൽ ‘മധുമഴ’ എന്ന പേരില്‍ പത്തോളം പാട്ടുകളുമായി ഒരു കാസറ്റിറങ്ങിയിരുന്നു. വടകരക്കാരനായ ഇ വി വത്സന്‍ എന്ന അധ്യാപകന്‍ പലപല കാലങ്ങളിലായി എഴുതി ഈണമിട്ട ചില നാടകഗാനങ്ങളും ലളിത ഗാനങ്ങളുമായിരുന്നു അവ. ‘അമ്മക്കുയിലേ ഒന്നു പാടൂ’, ‘ഈ മനോഹര ഭൂമിയില്‍’, ‘കഴിഞ്ഞുപോയ കാലം’, ‘മൊഴി ചൊല്ലിപ്പിരിയുമ്പോള്‍’ ‘കണ്ണാ വരം തരുമോ’ തുടങ്ങിയ പാട്ടുകൾ കേരളം മുഴുവനല്ല അങ്ങ് ഡൽഹിയിൽ വരെ തരംഗമായി.ഒരുപക്ഷെ അന്നായിരിക്കാം ഈ പാട്ടിനെപ്പറ്റി കൂടുതൽ ആളുകൾ അറിയുന്നതു തന്നെ.
പാട്ടുകളുടെ വികാരനീരുമായി ‘മധുമഴ’യുടെ നിരവധി ഭാഗങ്ങള്‍ പിന്നെയും പിന്നെയും പെയ്‍തിറങ്ങി.എന്നാല്‍ അപ്പോഴും ഇതൊക്കെ കണ്ടും കേട്ടും അധികമാരും അറിയാതെ, ആരെയും അറിയിക്കാതെ ഇ വി വത്സന്‍ എന്ന പാട്ടുമനുഷ്യന്‍ കടത്തനാടിന്‍റെ പാട്ടുകളരിയില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞു.ഇതിൽ ഏറ്റവും വലിയ ഹിറ്റായിരുന്നു”കഴിഞ്ഞു പോയ കാലം”.എഴുപതിലായിരുന്നു ഈ പാട്ടിന്റെ പിറവി ! പിന്നീട് ഇ വി വത്സന്‍ എന്ന അധ്യാപകനെപ്പറ്റിയായി അന്വേഷണം.അവസാനം ഏതോ മാസികയിൽ നിന്നും അദ്ദേഹത്തെയും കണ്ടെത്തി.നേരിട്ടല്ല, അക്ഷരത്താളുകളിലൂടെ.
“പത്തു നാൽപ്പത്തഞ്ചു വർഷം മുൻപ് ഒരു പ്രാദേശിക സമിതിയുടെ നാടകത്തിനു വേണ്ടി തിടുക്കത്തിൽ എഴുതി ചിട്ടപ്പെടുത്തിയ പാട്ടാണത്”-അദ്ദേഹം പറയുന്നു. “അഗാധമായ അർത്ഥതലങ്ങളുള്ള പാട്ട് എന്ന അവകാശവാദമൊന്നുമില്ല.ആ നാടകത്തിന്റെ ആയുസ്സിനപ്പുറത്തേക്ക് അത് വളരുമെന്ന് പ്രതീക്ഷിച്ചിട്ടുമില്ല. ഓരോ പാട്ടിനും ഓരോ നിയോഗമുണ്ട്. നമ്മൾ വളരെ സമയമെടുത്ത് പ്രതീക്ഷയോടെ ഉണ്ടാക്കുന്ന പാട്ടുകൾ ആളുകൾ സ്വീകരിക്കണമെന്നില്ല. വളരെ പെട്ടെന്ന് എഴുതിത്തീർക്കുന്നവ സ്വീകരിക് കപ്പെട്ടെന്നുമിരിക്കാം.”– വിനയത്തോടെ ഇ വി വത്സൻ മാഷ് മാസികയിൽ ഇരുന്നുകൊണ്ട് സംസാരിക്കുകയായിരുന്നു.
“പ്രതീക്ഷ” എന്ന നാടകത്തിൽ ഒരു നിരാശാകാമുക കഥാപാത്രത്തിനു വേണ്ടി വത്സൻ മാഷ് എഴുതി സ്വരപ്പെടുത്തിയ പാട്ടാണ് “കഴിഞ്ഞുപോയ കാലം.” മാഷിന്റെ ആ ഗാനം ആദ്യമായി പ്രേക്ഷകരെ തേടിയെത്തിയത് വിനോദ് വടകര എന്ന ഗായകന്റെ ശബ്ദത്തിലായിരുന്നു. അകമ്പടിക്ക് ഹാർമോണിയവും തബലയും മാത്രം. ഒതയോത്ത് അമ്പലത്തിലെ വേദിയിലാണ് “പ്രതീക്ഷ’യിലെ ആ പാട്ട് ആദ്യമായി അവതരിപ്പിച്ചത്.പ്രശസ്ത എഴുത്തുകാരൻ വി ആർ സുധീഷിന്റെ മൂത്ത ജ്യേഷ്ഠൻ കൂടിയാണ് വിനോദ്.
ടെലിവിഷൻ പരിപാടികളിൽ, റേഡിയോയിൽ, സംഗീത വെബ് സൈറ്റുകളിൽ “കഴിഞ്ഞുപോയ കാല”ത്തിന്റെ പിതൃത്വം പതിവായി കൈവിട്ടു പോകുന്നതിൽ ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു വത്സൻ മാഷിന്. പിന്നെ അതൊരു ശീലമായി. “നമ്മൾ ഉണ്ടാക്കിയ ഒരു പാട്ട് ജനം ഇഷ്ടപ്പെടുന്നു എന്ന അറിവല്ലേ ഏറ്റവും പ്രധാനം? ” -മാഷ് വീണ്ടും മാസികയിൽ ഇരുന്ന് അത്ഭുതപ്പെടുത്തുന്നു. എഴുതിയ പാട്ടുകൾ പലതും ജനപ്രീതിയിൽ ചലച്ചിത്രഗാനങ്ങളെ നിഷ്പ്രഭമാക്കിയെങ്കിലും സിനിമാക്കാരൊന്നും മാഷിനെ തേടിവന്നിട്ടില്ല. മാഷാകട്ടെ അങ്ങോട്ട് അവസരം തേടി ചെന്നതുമില്ല.
ഇതേ ഗാനം അടുത്തിടെ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനസമാഹാരത്തിൽ പ്രസിദ്ധീകരിച്ചു കണ്ടപ്പോൾ യഥാർത്ഥ രചയിതാവിന് ചെറിയൊരു ദുഃഖം തോന്നിയത് സ്വാഭാവികം. പിന്നെ സ്വയം സമാധാനിച്ചു; തന്നെക്കാൾ പ്രശസ്തരായ കലാകാരന്മാർക്ക് പോലും സംഭവിച്ചിട്ടുള്ള ദുരന്തമാണല്ലോ ഇത്…….!!
പുത്തഞ്ചേരിയുടെ സ്‍മരണാര്‍ത്ഥം പുറത്തിറക്കിയ പുസ്‍തകത്തിലാണ് ‘ലാളനം’ എന്ന സിനിമയ്ക്കു വേണ്ടി ഗിരീഷ് എഴുതി എസ് പി വെങ്കിടേഷ് ഈണമിട്ടെന്ന പേരില്‍ ‘കഴിഞ്ഞു പോയകാലം’ പ്രത്യക്ഷപ്പെട്ടത്.!!!
ആറു പതിറ്റാണ്ടിനിടക്ക് ആയിരത്തോളം ലളിതഗാനങ്ങൾ എഴുതിയിട്ടുള്ള മാഷിന് സംഗീത ലോകത്തു നിന്ന് ലഭിച്ച അംഗീകാരങ്ങൾ അപൂർവം. പക്ഷേ പരാതിയൊന്നുമില്ല മാഷിന്. “ആ പാട്ടുകൾ പലതും ആളുകൾ ഓർമ്മയിൽ സൂക്ഷിക്കുന്നു എന്നത് തന്നെ വലിയ കാര്യം!”
വരികളുടെയും ഈണത്തിന്റെയും ആർദ്രത തന്നെയാണ് കഴിഞ്ഞു പോയ കാലം എന്ന ആ പാട്ടിന്റെ വിജയം.ഒരുപക്ഷേ ഇന്നും പലര്‍ക്കും ഇ വി വത്സന്‍ എന്നാല്‍ ‘കഴിഞ്ഞു പോയകാലം’ എന്ന പാട്ടാണ്. എഴുപതുകളില്‍ ‘പ്രതീക്ഷ’ എന്ന നാടകത്തിനു വേണ്ടിയാണ് ഇതുണ്ടാക്കുന്നത്.അതായത് അൻപതു വർഷത്തിന് മുകളിലായി മലയാളി ഇത് കേൾക്കാനും പാടാനും തുടങ്ങിയിട്ടെന്ന് !!!