NEWS

കോടതി വിധിക്ക് പുല്ലുവില; വനിതാ ജീവനക്കാരെ നിയമിച്ച ബാറുകൾക്കെതിരെ വീണ്ടും എക്സൈസ്

ദ്യഔട്ലെറ്റുകളില്‍ ജോലി ചെയ്യാൻ നിയമം അനുവദിക്കുന്ന സ്ത്രീകള്‍ക്ക് ബാറുകളില്‍ മദ്യം വിളമ്പുന്ന ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ടോ? ഉണ്ടെന്ന് കോടതിയും ഇല്ലെന്ന് എക്സൈസും.
ഔട്ട്‌ലെറ്റുകളില്‍ സ്ത്രീകള്‍ മദ്യം എടുത്തുകൊടുക്കുന്നത് അനുവദനീയമായ നാട്ടില്‍ ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പുന്നത് എങ്ങനെ തെറ്റാകും എന്നാണ്  കൊച്ചിയില്‍ ബാറുകളില്‍ മദ്യം വിളമ്പിയ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തതു മുതല്‍ സോഷ്യൽ മീഡിയയിൽ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം.
അബ്കാരിനിയമത്തിലെ വ്യവസ്ഥകളാണ് സ്ത്രീകള്‍ക്ക് ബാറുകളില്‍ മദ്യം വിളമ്പുന്നതിനു തടസമായി എക്സൈസ് വകുപ്പ് ചൂണ്ടികാട്ടുന്നത്. ലിംഗ സമത്വവും, മൗലികാവശങ്ങളുടെ ലംഘനവുമാണ് ഈ വിവേചനം.ഹൈക്കോടതി തള്ളിയിട്ടും എക്സൈസ് നിയമം മാറ്റിയില്ല.
ഹൈക്കോടതി വിധിയിലൂടെയാണ് മദ്യഔട്ലെറ്റുകളില്‍ സ്ത്രീകള്‍ ജോലിയ്ക്കെത്തിയത്.വിദേശമദ്യനയത്തിലും, ബാര്‍,ബിയര്‍,വൈന്‍ പാര്‍ലറുകളിലെ ലൈസന്‍സ് വ്യവസ്ഥയിലുമാണ് സ്ത്രീകള്‍ക്ക് മദ്യം വിളമ്പുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2013 ലാണ് ഇതു സംബന്ധിച്ച നിയമം വന്നത്. വിദേശ മദ്യ നിയമം 27 (എ) ലാണ് സ്ത്രീകള്‍ മദ്യം വിളമ്പുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാര്‍ ലൈസന്‍സ് വ്യവസ്ഥ 9(എ)യിലും, എഫ്.എല്‍ 11ബിയര്‍,വൈന്‍ പാര്‍ലറുകളിലെ ലൈസന്‍സ് വ്യവസ്ഥയിലും ഇക്കാര്യം പറയുന്നുണ്ട്. ബാറുകളില്‍ മദ്യം വിളമ്പുന്നതിനു വിലക്കുണ്ടെങ്കിലും ഭക്ഷണം വിതരണം ചെയ്യുന്നതിനു സ്ത്രീകൾക്ക് ഈ വിലക്ക് ബാധകമല്ല. എന്നാല്‍ 2015 ല്‍ ബാറില്‍ മദ്യം വിളമ്പാന്‍ അനുവദിക്കണമെന്നുകാട്ടി ഇടുക്കി, തിരുവനന്തപുരം സ്വദേശിനികള്‍  ഹര്‍ജി നല്‍കി. ഈ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട്  നിയമം സ്ത്രീ പുരുഷ സമത്വത്തിനെതിരാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി  വിധിച്ചിരുന്നു. ഔട്ലെറ്റുകളിലെ മദ്യവിതരണത്തില്‍ നിന്നും സ്ത്രീകളെ നിയമം ചൂണ്ടികാട്ടി ആദ്യം വിലക്കിയിരുന്നു. ഞങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നു കാണിച്ച് വനിതാ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചു. സ്ത്രീകളെ ജോലിക്ക് പരിഗണിക്കാതിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടികാട്ടി കോടതി ഒപ്പം നിന്നു. അങ്ങനെയാണ് ഔട്ലെറ്റുകളിലെ മദ്യ വിതരണത്തിനു സ്ത്രീകളേയും പരിഗണിച്ചത്.
നേരത്തെ വിദേശമദ്യ വിൽപ്പന ശാലയിൽ പോസ്റ്റിങ് വേണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി നൽകിയ ഹർജിയിൽ ഹൈക്കോടതി യുവതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നിയമത്തിലെ ഈ വ്യവസ്ഥ നിലനിൽക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.അതേസമയം, നിയമഭേദഗതി വരാത്തിടത്തോളം കാലം സ്ത്രീകൾ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്സൈസിന്റെ ഭാഷ്യം. സംസ്ഥാനത്തെ മറ്റുചില ബാർ ഹോട്ടലുകളിലും സ്ത്രീകൾ മദ്യം വിളമ്പുന്നുണ്ടെന്നും നിയമഭേദഗതി വരാത്തതിടത്തോളം കാലം ഈ ഹോട്ടലുകൾക്കെതിരേയും നടപടിയുണ്ടാകുമെന്നും എക്സൈസ് അധികൃതർ പറയുന്നു.

Back to top button
error: