NEWS

എങ്ങനെയാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നത് ?

കേരളത്തിലെ  പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍  നടന്നു വരുന്ന  എല്‍.എസ്.എസ്, യു.എസ്.എസ് (LSS& USS ) പരീക്ഷകൾ എന്താണെന്ന് നോക്കാം.
കേരളത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍  നടന്നു വരുന്ന ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷകളാണ് എല്‍.എസ്.എസ് (ലോവര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കോളര്‍ഷിപ് എക്സാമിനേഷന്‍ ), യു.എസ്.എസ്  (അപ്പർ സെക്കന്‍ഡറി സ്കൂള്‍ സ്കോളര്‍ഷിപ് എക്സാമിനേഷന്‍ ) പരീക്ഷകൾ.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ നാലാം ക്ലാസിലും , ഏഴാം ക്ലാസിലും പഠിക്കുന്ന നിശ്ചിത യോഗ്യതയുളള ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് ഈ പരീക്ഷ വർഷം തോറും എഴുതുന്നത്. കേരളത്തിലെ പ്രൈമറി,അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ നടക്കുന്ന ഏറ്റവും വലിയ പൊതു പരീക്ഷ കൂടിയാണിവ. ഭാഷ, ഗണിതം, പരിസര പഠനം ,ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ നിര്‍ദ്ദിഷ്ട ക്ലാസുകളില്‍ കുട്ടി നേടിയ അറിവും , പ്രയോഗ പാടവവുമാണ്  ഈ പരീക്ഷയില്‍ വിലയിരുത്തിയിരുന്നത്.
 കഴിഞ്ഞ ഓണപരീക്ഷയില്‍ (ഒന്നാം ടേം) മേല്‍ പറഞ്ഞ വിഷയങ്ങളില്‍ എ ഗ്രേഡിനുളള മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് എല്‍.എസ്.എസ് പരീക്ഷ എഴുതാവുന്നതാണ്. യു.എസ് എസ് എഴുതാനുളള യോഗ്യത ഏഴാം ക്ലാസിലെ ഭാഷാ വിഷയങ്ങളിലും , ശാസ്ത്ര വിഷയങ്ങളിലും ഒന്നാം ടേം പരീക്ഷയില്‍ എ ഗ്രേഡ് ലഭിക്കലാണ്. എന്നാല്‍ പ്രത്യേക നിബന്ധനകള്‍ക്കു വിധേയമായി നാല് പേപ്പറുകളുള്ള ഭാഷാ വിഷയങ്ങളില്‍ മൂന്ന് പേപ്പറുകള്‍ക്ക് എ ഗ്രേഡും , ഒന്നിനു ബി ഗ്രേഡും ശാസ്ത്ര വിഷയങ്ങളില്‍ (ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹിക ശാസ്ത്രം) രണ്ടിന് എ ഗ്രേഡും ഒന്നിന് ബി ഗ്രേഡും നേടിയവരെയും പരിഗണിക്കും.ഇത്തരക്കാര്‍ക്ക് സബ് ജില്ലാ ജില്ലാതല കലാ, കായിക, ശാസ്ത്ര, പ്രവര്‍ത്തി പരിചയമേളകളില്‍ എ ഗ്രേഡോ ഒന്നാം സ്ഥാനമോ ലഭിച്ചിരിക്കണം.പൊതു വിദ്യാലയങ്ങള്‍ക്കു പുറമെ അംഗീകാരമുളള അണ്‍ എയിഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മേല്‍ പറഞ്ഞ യോഗ്യത ഉണ്ടെങ്കില്‍ പരീക്ഷ എഴുതാം. ഇത്തരത്തില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരിശീലനം കൊടുത്ത് കൂടുതല്‍ പേരെ ഈ സ്‌കോളര്‍ഷിപ്പിനു അര്‍ഹരാക്കാനുളള ശ്രമങ്ങള്‍ മിക്ക സ്‌കൂളുകളിലും നടന്നു വരുന്നുണ്ട്.
അധ്യയന വര്‍ഷത്തിലെ മാര്‍ച്ച് മാസം വരെയുളള ദിവസങ്ങളില്‍ എടുത്തു തീര്‍ക്കേണ്ട ഭാഗങ്ങളില്‍നിന്നാണ് രണ്ടു പരീക്ഷകള്‍ക്കും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.
എല്‍.എസ്.എസിനും , യു.എസ്.എസിനും രണ്ടു ഭാഗങ്ങളായാണ് ചോദ്യപേപ്പര്‍ തയാറാക്കുന്നത്. ഇതില്‍ എല്‍. എസ്.എസ് പരീക്ഷയുടെ പാര്‍ട്ട് എ യിലെ ഉത്തരം ചോദ്യപേപ്പറില്‍ നല്‍കിയിരിക്കുന്ന സ്ഥലത്തു തന്നെയാണ് എഴുതേണ്ടത്.
ഇതിനു മൂന്ന് വിഭാഗങ്ങളാണുള്ളത്. പാര്‍ട്ട് എ ഒന്നാം ഭാഷ ( മലയാളം, കന്നട, തമിഴ്) പാര്‍ട്ട് ബി ഇംഗ്ലീഷ്, പാര്‍ട്ട് സി പൊതു വിജ്ഞാനം എന്നിവയാണവ. പാര്‍ട്ട് എയിലെ ഭാഷയില്‍ വിശദമായി ഉത്തരം എഴുതേണ്ട രണ്ടു ചോദ്യങ്ങള്‍ ഉണ്ടാവും. ഓരോന്നിനും 5 സ്‌കോര്‍ വീതം 10 സ്‌കോര്‍. ഒറ്റവാക്കില്‍ ഉത്തരമെഴുതേണ്ട 10 ചോദ്യങ്ങളും ഉണ്ടാവും. ഓരോന്നിനും ഒരു സ്‌കോര്‍ വീതം 10 മാര്‍ക്ക്. ആകെ സ്‌കോര്‍ 20. ഇതിന്റെ പാര്‍ട്ട് ബി ഇംഗ്ലീഷ് പേപ്പറാണ്. 5 സ്‌കോര്‍ വീതമുള്ള 2 ചോദ്യങ്ങളിലായി ആകെ 10 സ്‌കോര്‍.
പാര്‍ട്ട് സി പൊതുവിജ്ഞാനത്തിനുള്ളതാണ്. ഒരു സ്‌കോര്‍ വീതമുളള 10 ചോദ്യങ്ങളാവും ഇതില്‍ ഉണ്ടാവുക. ആകെ പത്ത് സ്‌കോര്‍. എ.ബി.സി എന്നീ വിഭാഗങ്ങളിലായി ഒന്നാംപേപ്പറില്‍ ആകെ 40 സ്‌കോര്‍ ‘ (20+10+10).രണ്ടാം പേപ്പറിലും രണ്ടു പാര്‍ട്ടുകളിലാണ് ചോദ്യപേപ്പര്‍ തയാറാക്കുന്നത്. പാര്‍ട്ട് എ (പരിസര പഠനം), പാര്‍ട്ട് ബി(ഗണിതം ) എന്നിങ്ങനെയാണ് ഇവ. പാര്‍ട്ട് എയില്‍ വിശദമായി ഉത്തരം എഴുതേണ്ട അഞ്ചു മാര്‍ക്കുവീതമുള്ള രണ്ടു ചോദ്യങ്ങളും , ഒരു സ്‌കോര്‍ വീതമുളള 10 ചോദ്യങ്ങളും ആണ് ഉണ്ടാവുക. ആകെ മാര്‍ക്ക് 20.
പാര്‍ട്ട് ബിയിലെ ഗണിതത്തിനും ഇതേ രീതിയില്‍ വിശദമായി അപഗ്രഥിച്ച് പ്രശ്‌ന പരിഹാരത്തിനുള്ള രണ്ട് ചോദ്യങ്ങളും (5 മാര്‍ക്ക് വീതം) ഒരു മാര്‍ക്ക് വീതമുള്ള 10 ചോദ്യങ്ങളും ഉണ്ടാകും. ആകെ 40 സ്‌കോര്‍ . ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ചോദ്യബുക്കില്‍ തന്നെ ഇംഗ്ലീഷിലും ചോദ്യങ്ങളുണ്ടാവും.
യു.എസ്.എസ് പരീക്ഷയ്ക്കും ചോദ്യങ്ങള്‍ക്ക് രണ്ട് വിഭാഗങ്ങളുണ്ടായിരിക്കും. ഒന്നാം പേപ്പര്‍ രാവിലെയും രണ്ടാം പേപ്പര്‍ ഉച്ചയ്ക്ക് ശേഷവും ആയിരിക്കും. ഒന്നാം പേപ്പറില്‍ പാര്‍ട്ട് എ ,ബി, സി എന്നീ വിഭാഗങ്ങളില്‍ ആകെ 50 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.ഇതില്‍ 45 ചോദ്യങ്ങളുടെ ഉത്തരം എഴുതിയാല്‍ മതി. രണ്ടാം പേപ്പറും ഇതേ രീതിയിലായിരിക്കും. രണ്ട് പേപ്പറിലും കൂടി ആകെ 90 (45+ 45 ) ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. പരമാവധി സ്‌കോര്‍ 90 ആയിരിക്കും.
മറ്റു പൊതു പരീക്ഷകള്‍ക്കെന്ന പോലെ ഈ പരീക്ഷയ്ക്കും ആദ്യ 15 മിനിറ്റ് നേരം സമാശ്വാസ സമയം ആയിരിക്കും. ഈ സമയത്ത് ചോദ്യങ്ങള്‍ കൃത്യമായി വായിച്ച് മനസിലാക്കാവുന്നതാണ്.പാഠഭാഗങ്ങളിലെ വിവരങ്ങള്‍ക്കപ്പുറം പൊതു കാര്യങ്ങളെക്കുറിച്ചും മത്സരാര്‍ഥികള്‍ നന്നായി ഗ്രഹിക്കണം. കുട്ടികള്‍ പഠന പ്രവര്‍ത്തനത്തിനിടെ തയാറാക്കുന്ന ഉല്‍പന്നങ്ങള്‍ ശേഖരിച്ച പോര്‍ട്ട്ഫോളിയോവും മൂല്യ നിര്‍ണയത്തിനു വിധേയമാക്കുന്നുണ്ട്.
പഠന പ്രവര്‍ത്തനത്തിനിടെ കുട്ടികള്‍ തയാറാക്കുന്ന പഠന ഉല്‍പന്നങ്ങളില്‍ നിന്ന് മികച്ചവ കണ്ടെത്തി ഉള്‍ക്കൊള്ളിക്കുന്ന ഫയലാണ് പോര്‍ട്ട്ഫോളിയോ എന്നറിയപ്പെടുന്നത്. പോര്‍ട്ട്ഫോളിയോ വിലയിരുത്തി, പിന്നീട് ഇതു സംബന്ധിച്ച അഭിമുഖവും നടത്തിയും ഗ്രേഡ് നല്‍കുന്നത്.ഗ്രേഡുകള്‍ സ്വന്തമാക്കാന്‍
പ്രവര്‍ത്തനാധിഷ്ഠിത ചോദ്യങ്ങള്‍, മള്‍ട്ടിപ്പ്ള്‍ ചോദ്യങ്ങള്‍, പോര്‍ട്ട്ഫോളിയോ എന്നിവയെ വിലയിരുത്തിയാണ് ഓവറോള്‍ ഗ്രേഡ് നല്‍കുന്നത്.
ഓരോ വർഷവും ചിലപ്പോൾ പരീക്ഷ നടത്തിപ്പിലും രീതികളിലും   ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.ഒരു ഗ്രാമ പഞ്ചായത്തില്‍ ഒരു പരീക്ഷ കേന്ദ്രമാണുണ്ടാവുക. എന്നാല്‍ 120 ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ആ പഞ്ചായത്തില്‍ ഒരു കേന്ദ്രം കൂടി അനുവദിക്കും. നഗരപ്രദേശങ്ങളില്‍ പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിനുസരിച്ച് കേന്ദ്രങ്ങളുണ്ടായിക്കും. പരീക്ഷാ കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പ് ,ചീഫ് എക്‌സാമിനര്‍, ഡപ്യൂട്ടി ചീഫ് , ഇന്‍വിജിലേറ്റര്‍ എന്നിവരെ നിയമിക്കുന്നത് അതത് വിദ്യാഭ്യാസ ഉപജില്ലാ ഉദ്യോഗസ്ഥരായിരിക്കും. ഉന്നത നിലവാരം പുലര്‍ത്തുന്ന ബാങ്ക് ടെസ്റ്റുകള്‍ നടത്തുന്ന രീതിയിലായാണ് എല്‍.എസ്.എസ് , യു എസ്.പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരു ഹാളില്‍ 20 കുട്ടികളാകും പരീക്ഷ എഴുതുക. ഇവരെ മറ്റു പ്രധാന പരീക്ഷകള്‍ക്കിരുത്തും വിധമാകും ഇരിപ്പിടം ഒരുക്കുക. ഓരോ കുട്ടിയും ഏത് മുറിയിലാണ് പരീക്ഷ എഴുതേണ്ടതെന്ന വിവരം പുറത്ത് നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കും. ഈ കാര്യങ്ങളൊക്കെയും വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ സംസ്ഥാനത്തെ പരീക്ഷയുടെ തലേ ദിവസം വൈകുന്നേരത്തോടെ തന്നെ പൂര്‍ത്തിയാക്കും.
ഇത്രയേറെ മുന്നൊരുക്കങ്ങളോടെയും പ്രാധാന്യത്തോടെയും നടത്തുന്ന ഈ പരീക്ഷകളിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക കേവലം വര്‍ഷത്തില്‍ 100 (നൂറ് ) രൂപയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍പ്പെടുത്തിയത് ആയതുകൊണ്ട് കാലഘട്ടത്തിന്റെ മൂല്യം ഇതിനില്ലെന്നായിരുന്നു രക്ഷിതാക്കള്‍ അഭിപ്രായം. പരീക്ഷ ശാസ്ത്രീയമായ രീതിയില്‍ ചിട്ടപ്പെടുത്തിയതോടെ സ്‌കോളര്‍ഷിപ്പ് തുകയിലും ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്.
നൂറ് രൂപയില്‍ നിന്ന് 1000 രൂപയായിട്ടാണ് സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ പരീക്ഷകള്‍ക്കായി നല്ല തയാറെടുപ്പിലാണ് കേരളത്തിലെ വിവിധ വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും , അദ്ധ്യാപകരും നടത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന ഏറെ പഴക്കമുള്ള ഈ പരീക്ഷ വിദ്യാര്‍ഥികളുടെ ഭാവിയിലുള്ള മത്സര പരീക്ഷയ്ക്കുള്ള വലിയ പരിശീലനം കൂടിയാണ്.
എല്‍.എസ്.എസ് പരീക്ഷയില്‍ രണ്ടു പേപ്പറിനും കൂടി അറുപതു ശതമാനമോ അതില്‍ കൂടുതലോ സ്‌കോര്‍ ലഭിക്കുന്ന കുട്ടികളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്. അതായത് രണ്ടു പേപ്പറിലും കൂടിയുള്ള ആകെ മാര്‍ക്കായ 80 ( 40 + 40) ന്റെ 60 ശതമാനമായ 48 മാര്‍ക്കോ അതില്‍ കൂടുതലോ ലഭിക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. എന്നാല്‍ എസ്.സി, എസ്ടി വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ക്കു മാത്രം ഇളവുണ്ട്. ഒരു ഉപജില്ലയിലെ പരീക്ഷ എഴുതിയ ഇക്കൂട്ടരില്‍ ആര്‍ക്കും തന്നെ അറുപതു ശതമാനം ലഭിച്ചില്ലെങ്കില്‍ പരമാവധി 50 ശതമാനം സ്‌കോര്‍ ലഭിച്ച കുട്ടിയെ പരിഗണിക്കും.
യു.എസ്.എസ് പരീക്ഷയ്ക്ക് ആകെയുളള 90 സ്‌കോറില്‍ 63 (70%) (അതില്‍ കൂടുതലും )ലഭിച്ച കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.യു.എസ്.എസ് പരീക്ഷയുടെ രണ്ട് പേപ്പറുകളും എല്‍.എസ്.എസിന്റെ ഒരു പേപ്പറും ഒ.എം.ആര്‍ ഷീറ്റിലാണ് ഉത്തരം അടയാളപ്പെടുത്തേണ്ടത്.ചോദ്യപേപ്പറുകള്‍ ഇടകലര്‍ത്തി നല്‍കുന്നതും മറ്റൊരു പ്രത്യേകതയാണ്. എ.ബി.സി.ഡി എന്നീ നാല് സെറ്റുകളായി പ്രിന്റ് ചെയ്ത പേപ്പറുകളാവും പരീക്ഷാ ഹാളില്‍ വിതരണം ചെയ്യുക. മുന്‍ നിരയിലെ നാലു വിദ്യാര്‍ഥികള്‍ക്ക് എ ബി സി ഡി എന്നിങ്ങനെയുളള ലെറ്ററുകളിലെ ചോദ്യപേപ്പറുകളാവും നല്‍കുക.
ഇന്‍വിജിലേറ്റര്‍മാരായ അധ്യാപകരുടെ പൊതുവായുളള വിശദീകരണങ്ങള്‍ ഉണ്ടായിരിക്കില്ല. കാരണം കുട്ടികള്‍ക്ക് ലഭിക്കുന്ന ചോദ്യങ്ങള്‍ ഒന്നാണെങ്കിലും ക്രമനമ്പരില്‍ മാറ്റമുണ്ടാകും.ചോദ്യപേപ്പര്‍ മൂല്യനിര്‍ണയത്തിലും പ്രകടമായ മാറ്റങ്ങൾ വർഷം തോറും വരുത്താറുണ്ട്. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിന്റെ അതേ മാനദണ്ഡം തന്നെയാണ് ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.ആകെ ഉള്ള തൊണ്ണൂറില്‍ 70 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കും. നാലാം ക്ലാസുകാര്‍ക്ക് ഏഴാം ക്ലാസ് വരെയും ഏഴാം ക്ലാസുകാര്‍ക്ക് പത്ത് വരെയുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

Back to top button
error: