‘ഉഷ്ണം ഉഷ്ണേന ശാന്തി’ എന്ന പഴഞ്ചൊല്ല് അക്ഷരം പ്രതി ശരിയാണ്. ആയൂർവേദ വിദഗ്ധരും പറയുന്നത്. കനത്ത ചൂടിൽ നിന്ന് വന്ന ശേഷം ഉടനെ ഫ്രിഡ്ജിലെ തണുത്ത വെള്ളം എടുത്ത് മടമടാ കുടിക്കുന്നവർ സൂക്ഷിക്കുക. ഹാനികരമെന്ന് മാത്രമല്ല, തൊണ്ട- ഉദര രോഗങ്ങളും ഉറപ്പ്.
ദാഹത്തിന് തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് ഏറ്റവും നല്ലത്.
നന്നാറി വെള്ളവും സംഭാരവുമാണെങ്കിൽ ഏറ്റവും ഉത്തമം. ഇവ വീടുകളിൽ ഉണ്ടാക്കാൻ എളുപ്പമാണ്. ബ്രഹ്മി, മുത്തിൾ (അധികം ചേർക്കരുത് കയ്പുണ്ടാകും) മുക്കുറ്റി, ഇളം പേരയില, മല്ലി, ജീരകം, തുളസി, പുതിന എന്നിവ ചേർക്കാം. കരിക്കിൻ വെള്ളം ചൂടുകാലത്തിന്റെ അമൃതാണ്. ഇത്രയും മിനറലുകൾ വേറൊരിടത്തു നിന്നും ലഭിക്കില്ല.
പഴംജ്യൂസുകൾ ദാഹം വർദ്ധിപ്പിക്കും
പഞ്ചസാര ചേർത്ത് കലക്കിവച്ചിരിക്കുന്ന പഴംജ്യൂസുകൾ കഴിക്കരുത്. ദാഹം ഇരട്ടിയാകും. പഞ്ചസാരയും ഐസും നിർബന്ധമായും ഉപേക്ഷിക്കുക.
വേനൽ കനക്കുമ്പോൾ ഭക്ഷണരീതിയിലൂം ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നാണ് ആയൂർവേദ ഡോക്ടർമാർ പറയുന്നത്. മിതമായ ആഹാരമായിരിക്കും ഉഷ്ണകാലത്ത് നന്നായിരിക്കുക. കഴിയുന്നത്ര എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക.
ജലാംശം കൂടുതലുള്ള പച്ചക്കറികളും പുളിയില്ലാത്ത പഴവർഗങ്ങളുമാണ് ഉഷ്ണകാലത്ത് ഏറ്റവും അനുയോജ്യം. വെള്ളരി, കുമ്പളങ്ങ, പടവലം, കക്കിരി പഴ വർഗങ്ങളിൽ ചക്ക, മാങ്ങ, തണ്ണിമത്തൻ, ഞാലിപ്പൂവൻ എന്നിവ ചുടുകാലത്ത് അനുയോജ്യമായവയാണ്.
നെല്ലിക്കജ്യൂസ് ഔഷധ പ്രദം, രുചിയും ആരോഗ്യവും പകരും
‘ആദ്യം കയ്ക്കും, പിന്നെ മധുരിക്കും’ നെല്ലിക്കയുടെ മാത്രം പ്രത്യേകതയാണിത്. നിത്യജീവിതത്തിൽ ആഴത്തിൽ വേരൂന്നി ആരോഗ്യ മധുരം നൽകുന്ന നെല്ലിക്കായെ ജ്യൂസ് ആക്കിയാലോ…? വിപണിയിൽ വില കുറഞ്ഞു കിട്ടുന്ന ഔഷധഫലമാണ് നെല്ലിക്ക. നെല്ലിക്ക കുരു കളഞ്ഞ് പഞ്ചസാരയും അൽപം ഇഞ്ചിയും ചേർത്ത് മിക്സിയിലോ ജ്യൂസ് മേക്കറിലോ അടിച്ച് ജ്യൂസാക്കി നോക്കൂ. രുചിയും ആരോഗ്യവും ഒരു പോലെ പകരും.
സംഭാരം ചൂടുകാലത്ത് ഉത്തമം
കറിവേപ്പില, ഇഞ്ചി, നാരകയില, പച്ചമുളക് എന്നിവ ചതച്ചിട്ട് അൽപം ഉപ്പുചേർത്ത് തയാറാക്കുന്ന സംഭാരം വേനലിൽ രക്ഷകനാണ്. ദഹനരസവും രുചിയും കൂട്ടും. ആഹാരത്തിനോട് താൽപര്യമുണ്ടാക്കും. കഫവാത ദോഷങ്ങളെ ശമിപ്പിക്കുന്നതാണ് മോര്. ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക, പപ്പായ എന്നിവ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങളാണ്. ഇവ മധുരം ചേർക്കാതെ ജ്യൂസ് ആക്കി കഴിക്കാം.
പൊതുവായ ചില നിർദ്ദേശങ്ങൾ
- ഈ പൊരിവെയിലിൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. വിയര്‍ക്കുന്നതനുസരിച്ച് വെള്ളം കുടിക്കണം.
- യാത്രാ വേളയില്‍ ഒരു കുപ്പി ശുദ്ധജലം കരുതുന്നത് നല്ലത്. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ജാഗ്രത പുലർത്തുക, ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതല്ലെങ്കിൽ മറ്റുപല രോഗങ്ങളുമുണ്ടാക്കും.
- നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
- കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
- 12 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
- പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
- ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക.
- ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.
ഡോ. മഹാദേവൻ