ലൈംഗികപീഡന പരാതി: അസിസ്റ്റന്റ് പ്രഫസറെ പിരിച്ചുവിടാന്‍ തീരുമാനം
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
കോഴിക്കോട്: ലൈംഗികപീഡന പരാതിയില്‍ സസ്‌പെന്‍ഷനിലായിരുന്ന ഇംഗ്ലീഷ് പഠനവിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
അശ്ലീല സന്ദേശമയച്ചെന്നും മോശമായി പെരുമാറിയെന്നും കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഹാരിസ് കോടമ്പുഴക്ക് സര്‍വകലാശാലയില്‍ ജോലി ലഭിച്ചത്. മറ്റൊരു കോളജില്‍ അധ്യാപകനായിരിക്കെ 2020 മുതല്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതായി തെളിഞ്ഞിട്ടുണ്ട്.
സിന്‍ഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങള്‍: മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനല്‍ ആന്‍ഡ് ട്രെയിനിങ് ടെക്‌നോളജി (എന്‍.ഐ.ഇ.ടി.ടി) എന്നിവയുമായി അക്കാദമിക സഹകരണത്തിനുള്ള ധാരണപത്രം സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു. സര്‍വകലാശാലാ കാമ്പസിലെ ഇന്റഗ്രേറ്റഡ് പി.ജി കോഴ്‌സുകള്‍ക്കായി അക്കാദമിക ബ്ലോക്കിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനും ഹോസ്റ്റലിനുമായി 76 കോടി രൂപയുടെ എസ്റ്റിമേറ്റിനും അംഗീകാരം നല്‍കി. ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. അടുത്ത അധ്യയനവര്‍ഷത്തില്‍ ബിരുദ പരീക്ഷകള്‍ക്ക് ചോദ്യബാങ്ക് ഉപയോഗപ്പെടുത്തും. ചോദ്യ ബാങ്ക് തയാറാകാത്തതില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്ക് യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. അറബി കോളജുകളിലെ കോഴ്‌സുകളുടെ സ്ഥിര അംഗീകാരം നഷ്ടപ്പെട്ടിട്ടില്ലെന്ന് രജിസ്ട്രാര്‍ യോഗത്തെ അറിയിച്ചു. വിവിധ കോളജുകളില്‍നിന്ന് സര്‍വകലാശാലക്ക് കാലാകാലങ്ങളില്‍ ഫീസിനത്തില്‍ ലഭിക്കേണ്ടുന്ന തുക ഈടാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമായിരിക്കുമെന്ന് സിന്‍ഡിക്കേറ്റ് യോഗം വ്യക്തമാക്കി. കാമ്പസ് ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിന് അനുവദിച്ച സര്‍വകലാശാല ഭൂമി കൈമാറുന്ന കാര്യത്തില്‍ വീണ്ടും നിയമോപദേശം തേടും. ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം വി.സി പരിശോധിക്കും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP