India

കോണ്‍ഗ്രസില്‍ ശക്തമായ ചേരിതിരിവ്; ജി-23 സംഘം പ്രത്യേകം യോഗം ചേര്‍ന്നു

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളിലെ തകര്‍ച്ചക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ശക്തമായ ചേരിതിരിവ്. നെഹ്‌റുകുടുംബം നയിക്കണമെന്ന് പ്രവര്‍ത്തക സമിതി തീരുമാനിച്ചതിന് പിന്നാലെ, നേതൃമാറ്റം ആവശ്യപ്പെടുന്ന ജി-23 സംഘം പ്രത്യേകമായി യോഗം ചേര്‍ന്നു. അതേസമയം, തിരുത്തല്‍വാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി വകവെക്കാതെ ഔദ്യോഗിക പക്ഷം. ഗുലാംനബി ആസാദിന്റെ വസതിയില്‍ നടന്ന ജി-23 സംഘത്തിന്റെ അത്താഴവിരുന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ കേരളത്തില്‍നിന്ന് ശശി തരൂര്‍, പി.ജെ കുര്യന്‍ എന്നിവരും ഉള്‍പ്പെടുന്നു. കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മനീഷ് തിവാരി, ഭൂപീന്ദര്‍സിങ് ഹൂഡ, മണിശങ്കരയ്യര്‍, പൃഥ്വിരാജ് ചവാന്‍, അഖിലേഷ് പ്രസാദ് സിങ്, രാജ് ബബ്ബാര്‍ തുടങ്ങിയവരാണ് മറ്റുള്ളവര്‍.

Signature-ad

അഞ്ച് എം.പിമാര്‍ അടക്കം 16 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിന്റെ വികാരം അറിയിക്കാന്‍ ഗുലാംനബി ആസാദ് അടുത്ത ദിവസം സോണിയ ഗാന്ധിയെ കണ്ടേക്കും. കോണ്‍ഗ്രസില്‍ നേതൃമാറ്റമടക്കം സമ്പൂര്‍ണ പൊളിച്ചുപണി ആവശ്യപ്പെട്ട് 2020ല്‍ സോണിയഗാന്ധിക്ക് കത്തെഴുതിയവരുടെ പട്ടികയില്‍ തരൂര്‍ ഉണ്ടായിരുന്നു. എന്നാല്‍ നേതൃത്വത്തെ പിന്താങ്ങുന്നവര്‍ക്കോ തിരുത്തല്‍ വാദികള്‍ക്കോ ഒപ്പമില്ലെന്ന മട്ടില്‍ പിന്നീടുനിന്ന തരൂര്‍ യോഗത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. ‘എന്റെ പിഴവുകളില്‍ നിന്ന് ഒരുപാട് പഠിച്ചു. ഇനിയും കുറച്ചു കൂടി ചെയ്യാമെന്നാണ് വിചാരിക്കുന്നത്’ -യോഗത്തിലേക്ക് എത്തുന്നതിനു മുമ്പ് തരൂരിന്റെ ട്വിറ്റര്‍ കുറിപ്പ് അങ്ങനെയായിരുന്നു. ഹൈകമാന്‍ഡിന്റെ വിശ്വസ്തനായി നിന്ന രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ ഡല്‍ഹി യാത്ര പ്രധാനമായും ഈ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു.

അടിക്കടി യോഗം നടത്തി കോണ്‍ഗ്രസ് പൊളിക്കാനാണ് ജി23 നേതാക്കള്‍ ശ്രമിക്കുന്നതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. പ്രവര്‍ത്തകസമിതി ചേര്‍ന്ന് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തതാണ്. അതിനുശേഷവും ഇവര്‍ യോഗം ചേരാനാണ് തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദുര്‍ബലപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. അവര്‍ ഒരു നൂറുയോഗം നടത്തട്ടെ. തെരുവില്‍ തുടങ്ങി ഡല്‍ഹി വരെ കോണ്‍ഗ്രസ് പാര്‍ട്ടി സോണിയ ഗാന്ധിക്കൊപ്പമുണ്ട്. ഇക്കൂട്ടര്‍ യോഗവും പ്രസംഗവും തുടര്‍ന്നുകൊണ്ടിരിക്കും. പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ എല്ലാ നടപടിയും സ്വീകരിച്ചുവരുകയാണ് സോണിയയെന്നും ഖാര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസ് നേരിടുന്നത് നേതൃത്വ പ്രതിസന്ധിയല്ല, ആശയ പ്രതിസന്ധിയാണെന്ന് ഹൈകമാന്‍ഡിനെ പിന്തുണക്കുന്ന മുന്‍മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് ഒരുപാട് നേടിയ ശേഷം പരാതി പറയുന്നത് സങ്കടകരമാണ്. കോണ്‍ഗ്രസിനെ ഒന്നിപ്പിച്ച് കൊണ്ടുപോകുന്ന ഘടകം നെഹ്‌റുകുടുംബമാണ്. പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ സാധ്യമായ ഏറ്റവും നല്ല നേതൃത്വവും അതാണ്. ആഗസ്റ്റില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും പ്രസിഡന്റാകാന്‍ രാഹുല്‍ ഗാന്ധി സമ്മതിക്കുമെന്നുമാണ് പ്രതീക്ഷിക്കേണ്ടത്. പൊടുന്നനെ നെഹ്‌റുകുടുംബം നയിക്കാന്‍ കൊള്ളില്ലെന്ന് തോന്നുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: