KeralaNEWS

ആ പെൺകുട്ടികൾക്ക് വേണ്ടി രാത്രിയിൽ കെഎസ്ആർടിസി വീണ്ടും തിരികെയോടി

ക്കഴിഞ്ഞ ശനിയാഴ്ച (12-03-2022) ബത്തേരിയിൽ നിന്നും  പത്തനംതിട്ടയിലേക്ക് പോയ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം.രാത്രി മൂന്നു മണി കഴിഞ്ഞ സമയത്ത് തൊടുപുഴയിലെ വഴിവക്കിൽ ഇറങ്ങാൻ തുനിഞ്ഞതായിരുന്നു യാത്രക്കാരായ ആ പെൺകുട്ടികൾ.
എന്നാൽ വിജനമായ ആ സ്ഥലത്ത്  ഇറങ്ങും മുമ്പ് ആരെങ്കിലും വീട്ടിൽ നിന്നും നിങ്ങളെ കൊണ്ടുപോകാൻ വന്നിട്ടുണ്ടോ എന്നായിരുന്നു കണ്ടക്ടറുടെ ചോദ്യം.
ഇല്ല എന്ന് പറഞ്ഞപ്പോൾ
കുട്ടികളെ ആ രാത്രിയിൽ ഒറ്റക്ക് അവിടെ വിട്ടിട്ടു പോകാൻ അദ്ദേഹത്തിന് തെല്ലും മനസു വന്നില്ല. കാര്യം ഡ്രൈവറോടും പറഞ്ഞു. അപ്പോഴേക്കും ഉറക്കത്തിലായിരുന്ന യാത്രക്കാരിൽ കുറെപ്പേരൊക്കെ ഉണരുകയും ചെയ്തു.
ഇനി എന്തു ചെയ്യും?
തൊടുപുഴ കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻ്റിൽ നിന്നും അപ്പോഴേക്കും  നാലു കിലോമീറ്ററെങ്കിലും ബസ് പിന്നിട്ടിട്ടുണ്ടാകണം.
തിരിച്ചുപോയി കുട്ടികളെ കെഎസ്ആർടിസി സ്റ്റാൻ്റിലാക്കാം. അവിടെ ആകുമ്പോൾ അവർ സുരക്ഷിതരാണ്.വീട്ടിൽ നിന്നും വരുന്നവർക്ക് കുട്ടികളെ കൊണ്ടുപോകാനും എളുപ്പമാണ്. കണ്ടക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ഡ്രൈവർക്കും നൂറുവട്ടം സമ്മതം.
യാത്രക്കാർക്കു യാതൊരു എതിർപ്പുമില്ല.
വണ്ടി തിരിച്ചു പോകുമെന്നും തങ്ങളെ സ്റ്റാൻ്റിൽ കൊണ്ടുപോയി ഇറക്കുമെന്നും കുട്ടികൾ സ്വപ്നത്തിൽ പോലും കരുതിയില്ല.ബസ് തിരിച്ച് ഓടി.
സ്റ്റാൻ്റിലെ രാത്രിയാത്രക്കാർക്കിടയിലേക്ക്  കുട്ടികൾ
ഇറങ്ങുമ്പോൾ അവരുടെ കണ്ണിലെ  സന്തോഷത്തിൻ്റെ നനവ് ഇരുട്ടിലാരും കണ്ടിട്ടുണ്ടാവില്ല.കുറെ ദൂരം തിരിച്ചോടേണ്ടി വന്നെങ്കിലും സുരക്ഷിതമായി കുഞ്ഞുങ്ങളെ  സ്റ്റാൻ്റിലാക്കിയതിൻ്റെ സന്തോഷം ഡ്രൈവർക്കും കണ്ടക്ടർക്കും.
 നാളെ തങ്ങളുടെ മക്കളെയും യാത്രക്കിടയിൽ ഇതുപോലുള്ള ജീവനക്കാരുണ്ടെങ്കിൽ പെരുവഴിയിൽ ഇറക്കി വിടില്ലല്ലോ എന്ന ആനന്ദം യാത്രക്കാരുടെ മുഖത്തും…

Back to top button
error: