ചൈനയില്‍ കോവിഡ് വ്യാപനം വേഗം
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
ബെയ്ജിങ്: ചൈനയില്‍ അതിവേഗം കോവിഡ് വ്യാപിക്കുന്നു. തലേദിവസത്തെക്കാള്‍ ഇരട്ടിയായിരുന്നു ഇന്നലെ രോഗബാധിതരുടെ എണ്ണം. ഇതാകട്ടെ കഴിഞ്ഞ 2 വര്‍ഷമുണ്ടായതിലും ഉയര്‍ന്ന നിരക്കാണ്. നിലവില്‍ പൂര്‍ണ ലോക്ഡൗണിനു കീഴിലായ 13 നഗരങ്ങളില്‍ 3 കോടി ആളുകളാണു വരുന്നത്.
ഇന്നലെ 5280 പേര്‍ക്കാണ് വൈറസ് പകര്‍ന്നുകിട്ടിയത്. തലേദിവസം 3507 ആയിരുന്നു. ലോകരാജ്യങ്ങളിലെ കണക്കുവച്ചു നോക്കിയാല്‍ ഇതു വളരെ കുറവാണ്. വരുന്ന ഏതാനും ആഴ്ചകളിലെ കണക്കു കൂടി വരുമ്പോള്‍ മാത്രമേ കോവിഡിനെ തല്‍ക്ഷണം നിയന്ത്രിച്ചുപോന്നിരുന്ന ചൈനീസ് തന്ത്രം, അതിവേഗം വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമാകുമോ എന്നു വ്യക്തമാകൂ. ഏപ്രില്‍ പകുതിയോടെ നിയന്ത്രണവിധേയമാകുമെന്നാണ് ലാന്‍ഷൗ യൂണിവേഴ്‌സിറ്റിയിലെ കോവിഡ് പ്രവചനവിഭാഗത്തിന്റെ കണക്കുകൂട്ടല്‍. അപ്പോഴേക്കും കേസുകളുടെ എണ്ണം 35,000 ആകും. ഏറ്റവും ഒടുവിലത്തെ കോവിഡ് ബാധ ഇതുവരെയുണ്ടായതില്‍ ഏറ്റവും ആശങ്കാജനകമാകാമെന്നാണ് യൂണിവേഴ്‌സിറ്റി പറയുന്നത്.
കര്‍ശനമായ രോഗനിയന്ത്രണം വിപണിയെയും പിടിച്ചുലച്ചുതുടങ്ങി. ചൈനയുടെ സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമോയെന്ന ഭീതിക്കിടയില്‍ ഓഹരിക്കമ്പോളം 21 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 8.1 ശതമാനമാണ്. ഈ വര്‍ഷം പ്രതീക്ഷിക്കുന്നതു 5.5% മാത്രമാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഇതിനും വലിയ വെല്ലുവിളി ഉയര്‍ത്തുന്നു.
ബിസിനസ് കേന്ദ്രങ്ങളായ ഷെന്‍സെന്‍, ചാങ്ചുന്‍ നഗരങ്ങള്‍ ലോക്ഡൗണിലായതും ഓഹരിവിപണിക്ക് തിരിച്ചടിയായി. ഇവിടെ ഭക്ഷണം, ഇന്ധനം എന്നിവ ഒഴികെയുള്ള വ്യാപാരമേഖലകള്‍ അടച്ചിട്ടിരിക്കുകയാണ്. ചാങ്ചുന്‍ വരുന്ന ജിലിന്‍ പ്രവിശ്യയിലാണ് രോഗബാധ ഏറ്റവും കൂടുതല്‍. തുറമുഖങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഫാക്ടറികള്‍ അടച്ചിടേണ്ടിവന്നു. ഏറ്റവും വലിയ നഗരവും ബിസിനസ് തലസ്ഥാനവുമായ ഷാങ്ഹായിലേക്കു ബസ് സര്‍വീസ് പോലും നിര്‍ത്തി.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP