കൊച്ചി: കള്ളനും പൊലീസും കളി അവസാനിച്ചു. പോക്സോ കേസിൽ നമ്പർ18 ഹോട്ടൽ ഉടമ റോയ് വയലാറ്റും സൈജു തങ്കച്ചനും ഒടുവിൽ കീഴടങ്ങി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
ഇന്ന് രാവിലെ കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സൈജുവിനെയും ഇന്നലെ കീഴടങ്ങിയ റോയ് വയലാറ്റിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു. തുടർന്ന് സൈജുവിനെ അന്വേഷണസംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഉച്ചയ്ക്കു 2 ന് റോയ് വയലാറ്റിനെയും സൈജു തങ്കച്ചനെയും കൊച്ചി കമ്മിഷണര്‍ ഓഫിസില്‍നിന്ന് കോടതിയിലേക്കു കൊണ്ടുപോയി. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരെയും ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കി. കോടതിയിൽ ഹാജരാക്കി സൈജുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. മാർച്ച് 16 വരെയാണ് സൈജുവിനെ കസ്റ്റഡിയിൽ വിട്ടത്.
കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിനു ബുധനാഴ്ച ഹാജരാവാന്‍ നോട്ടിസ് നല്‍കി.
ഹൈക്കോടതിയും സുപ്രീം കോടതിയെയും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് നാടകീയമായ കീഴടങ്ങൽ. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച മൂന്നാം പ്രതി അഞ്ജലി റീമാദേവിനോട് ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകിയിട്ടുണ്ട്.
മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യാത്തത് കടുത്ത വിമർശനത്തിനു വഴിവച്ചിരുന്നു. പ്രതികൾക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിന് പൊലീസ് സമയം അനുവദിച്ചു എന്നായിരുന്നു വിമർശനം. ഒടുവിൽ എല്ലാ പഴുതുകളും അടഞ്ഞതോടെയാണ് റോയിയും പിന്നാലെസൈജുവും കീഴടങ്ങിയത്.
കോഴിക്കോട് മാർക്കറ്റിങ് ബിസിനസിൽ ഏർപ്പെട്ടിരുന്ന അഞ്ജലി റീമാദേവ് പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ വിഡിയോ തെളിവുകൾ ഉൾപ്പടെ ശേഖരിച്ച ശേഷമാണ് പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വനിതാ ദിനത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ വനിത ആയതുകൊണ്ടും ഇവരുടെ പ്രായം പരിഗണിച്ചും മുൻകൂർ ജാമ്യം അനുവദിക്കുന്നു എന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്നും വിലപ്പെട്ട പല തെളിവുകളും ലഭിക്കുമെന്നും കരുതുന്നു.