CrimeNEWS

കോട്ടയം മറിയപ്പള്ളിയില്‍ പാറമടക്കുളത്തില്‍ വീണ ലോറി പുറത്തെടുത്തു; ലോറിയില്‍ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തില്‍ ഇന്നലെ രാത്രിയില്‍ മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു. 18 മണിക്കൂറിലേറെ നീണ്ട ശ്രമത്തിന് ഒടുവിലാണ് ലോറി പുറത്തെടുത്തത്. ലോറിയ്ക്കുള്ളില്‍ ഡ്രൈവര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേയ്ക്ക് ലോറി മറിഞ്ഞത്. മറിയപ്പള്ളിയിലെ വളം ഡിപ്പോയില്‍ നിന്നുള്ള ലോഡുമായി ചേപ്പാടേയ്ക്കു പോകുകയായിരുന്നു ലോറി. തിരുവനന്തപുരം സ്വദേശിയായ അജികുമാറിന്റെ ഉടമസ്ഥതയിലുള്ള ലോറി ഇദ്ദേഹം തന്നെയാണ് ഓടിച്ചിരുന്നതും. പാറമടക്കുളത്തിനു സമീപം തന്നെയുള്ള വളം ഡിപ്പോയില്‍ നിന്നും വളവുമായി കയറിയെത്തിയ ലോറി, നിയന്ത്രണം നഷ്ടമായി പാറമടക്കുളത്തിലേയ്ക്കു മറിയുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് വാഹനം പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ആദ്യ തവണ ലോറി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിയതിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷം, ഉച്ചയോടെയാണ് ക്രെയിന്‍ ലോറിയില്‍ ഘടിപ്പിക്കാനായത്. ലോറിയുടെ ചേസില്‍ ഇരുമ്പ് വടം ഘടിപ്പിച്ച ശേഷം രണ്ട് ക്രയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്താനായിരുന്നു ആദ്യ ശ്രമം. എന്നാല്‍, അപകട സാധ്യത കണക്കിലെടുത്ത് രണ്ട് ഇരുമ്പ് വടങ്ങള്‍ ഒരു ക്രെയിനില്‍ ഘടിപ്പിച്ച് ഉയര്‍ത്തുകയായിരുന്നു. അര മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ലോറി പൂര്‍ണമായും വെള്ളത്തില്‍ നിന്നും ഉയര്‍ന്ന് വന്നത്. ലോറി ഉയര്‍ത്തിയ ശേഷം ക്യാബിനുള്ളില്‍ നിന്നും അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് മരിച്ച അജികുമാറിന്റെ മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മന്ത്രി വി.എന്‍ വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നഗരസഭാംഗം ദീപാമോള്‍, ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍ ജിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. രക്ഷാപ്രവര്‍ത്തനം കാണാന്‍ നൂറ് കണക്കിന് ആളുകള്‍ സംഭവസ്ഥലത്ത് തടിച്ചു കൂടിയിരുന്നു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: