കോട്ടയം: കൗമാരം കടക്കാത്ത കുട്ടികൾ ഓടിക്കുന്ന വാഹനങ്ങൾ തട്ടി ഉണ്ടാകുന്ന അപകടങ്ങൾ തുടർക്കഥകളാകുന്നു. ആലുവായിൽ 16 വയസുള്ള ആൺകുട്ടി ഓടിച്ച കാർ ഇടിച്ച് ഗുഡ്ഷെഡ് തൊഴിലാളി ബക്കർ മരിച്ചത് കുറച്ചു നാൾ മുമ്പാണ്.
തൊടുപുഴയിലും കാസർകോടുമൊക്കെ കഴിഞ്ഞ ഒരു മാസത്തിനിടയിൽ സമാനമായ സംഭവങ്ങൾ അരങ്ങേറുകയുണ്ടായി.
കഴിഞ്ഞ ദിവസം തോട്ടക്കാട് രാജമറ്റത്ത് പതിനാല് വയസുകാരി ഓടിച്ച സ്കൂട്ടർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
ഉമ്പിടി വലിയപൊയ്കയിൽ ജിനു എന്നു വിളിക്കപ്പെടുന്ന ആന്റണിക്കെതിരെയാണ് കറുകച്ചാൽ പൊലീസ് കേസെടുത്തത്. പുളിയാംകുന്ന് മുണ്ടൻകുന്നേൽ റോഷൻ തോമസ് (41) ആണ് അപകടത്തിൽ മരിച്ചത്.
കറുകച്ചാൽ രാജമറ്റം പാണൂർക്കവലയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. കറുകച്ചാൽ ഭാഗത്തു നിന്നു പുളിയാംകുന്നിലേക്കു പോകുകയായിരുന്നു റോഷൻ തോമസ്. കുട്ടികൾ സഞ്ചരിച്ച് സ്കൂട്ടർ റോഷന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ആൻ്റണിയുടെ പതിനാല് വയസ്സുള്ള മകളാണ് സ്കൂട്ടർ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പതിനൊന്നും മൂന്നും വയസ്സുകാരായ സഹോദരിമാർക്കും സാരമായി പരിക്കേറ്റു. ഈ പെൺകുട്ടികൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പെൺകുട്ടി പതിവായി അമിത വേഗത്തിൽ സ്കൂട്ടർ ഓടിക്കാറുണ്ടെന്നും റോഡിലൂടെ പാഞ്ഞു പോകുന്നത് കാണാറുണ്ടെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
സംഭവത്തിൽ കേസെടുക്കാതെ പൊലീസ് ആദ്യം ഉദാസീനത പുലർത്തിയെങ്കിലും നാട്ടിൽ ഉയർന്നു പ്രതിഷേധം അവഗണിക്കാനായില്ല.
തുടർന്നാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തത്.
അപകടത്തിൽ മരിച്ച റോഷൻ തോമസിൻ്റെ വീട്ടുകാരെ അനുനയിപ്പിച്ച് കേസ് തേച്ചുമാച്ചുകളയാൻ ഇപ്പോഴും വിവിധ കോണുകളിൽ നിന്ന് ശ്രമം നടക്കുന്നുണ്ട്.
ആലുവ നൊച്ചിമ സ്വദേശി ബക്കർ (62) മരിച്ചത് 16 വയസ്സുള്ള ബാലൻ ഓടിച്ച കാർ തട്ടിയാണ്. ദേശീയപാതയരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കാർ ഇടിച്ച് മൂന്ന് പേർക്കാണ് പരിക്കേറ്റത്. വഴിയാത്രക്കാരും ചായ കുടിച്ചു കൊണ്ടിരുന്നവരുമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത അഞ്ചു കുട്ടികളായിരുന്നു.
കൊല്ലം ചാത്തന്നൂരിൽ പതിമൂന്നുകാരന്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന് വാഹനം ഓടിച്ചത് അച്ഛൻ മദ്യപിച്ച് ലക്കുകെട്ടുപോയതു കൊണ്ടാണ്. തിരുവനന്തപുരം കളിയക്കാവിളയില്‍ നിന്നും മലപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു അച്ഛനും മകനും.
മദ്യപിച്ചാണ് ഇയാള്‍ വാഹനം ഓടിച്ചത് യാത്രയ്ക്കിടയിൽ വീണ്ടും പുറത്തിറങ്ങി മദ്യപിക്കുകയായിരുന്നു. മദ്യപിച്ച് ബോധം ഇല്ലാത്ത അവസ്ഥയായതോടെയാണ് മകന്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന് വാഹനം ഓടിച്ചത്. തിരക്കേറിയ ദേശീയപാതയിലൂടെ കുട്ടി ഡ്രൈവര്‍ വണ്ടി ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പതിമൂന്നുകാരനായ കുട്ടി മലപ്പുറത്തെ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇവര്‍ രണ്ടു പേരും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് പോലീസ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി നിര്‍ത്താതെ മുന്നോട്ട് പോയി.
പിന്നാലെ എത്തിയ പൊലീസ് ചാത്തന്നൂര്‍ ജംഗ്ഷനില്‍ വച്ച് കാര്‍ തടഞ്ഞു. പിതാവിനെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്.
കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താക്കൾക്കു ജയിൽശിക്ഷ
കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് കർശനശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ, കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ 25,000 രൂപ പിഴയും, 3 വര്‍ഷം തടവുമാണ് ശിക്ഷ. വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും.
വാഹനം ഓടിച്ച കുട്ടിക്ക് 18 വയസ്സിനു പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കൂ.