KeralaNEWS

ഇനി കടലാക്രമണത്തെ ഭയക്കാതെ അന്തിയുറങ്ങാം; ഗോവിന്ദനും കുടുംബവും പുതിയ വീട്ടിൽ

തിരുവനന്തപുരം: കടലാക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട് എല്ലാവർഷവും ഒന്നും രണ്ടും തവണ ആഴ്ചകളോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വന്നിരുന്ന ഗോവിന്ദനും കുടുംബത്തിനും
ഇനി കടലാക്രമണത്തെ ഭയക്കാതെ അന്തിയുറങ്ങാം.കടലാക്രമണം ഭയന്ന് ദുരിതാശ്വാസ ക്യാമ്ബില്‍ അഭയം തേടേണ്ടിയും വരില്ല.പുനര്‍ഗേഹം പദ്ധതിയിലൂടെ നിര്‍മ്മിച്ച പുതിയ വീട്ടിലേക്ക് ഇന്ന്  കെ ഗോവിന്ദനും ഭാര്യ രാധയും മാറി.കടലോരത്ത് 50 മീറ്റര്‍ ദൂര പരിധിയിലെ ഓടുമേഞ്ഞ വീടിന്‌ പകരമാണ്‌ പുതിയ വീട്.
മത്സ്യ തൊഴിലാളിയായിരുന്ന ഗോവിന്ദന്‍ ശാരീരിക പ്രയാസം മൂലം ഇപ്പോള്‍ കൃഷിപ്പണിയെടുത്താണ്‌ കുടുംബം പോറ്റുന്നത്.10 ലക്ഷം രൂപയാണ് വീടിനായി സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ഈ കുടുംബത്തിന് നല്‍കിയത്. മൂന്ന് സെന്റ്‌ ഭൂമി സ്വന്തം പേരില്‍ വാങ്ങി ആറുമാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
 അതേസമയം തീരദേശത്തെ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിയ്ക്കുള്ളിൽ കഴിയുന്ന മുഴുവന്‍ ജനവിഭാഗങ്ങളെയും സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കുന്നതിനായി തയ്യാറാക്കിയ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 250 വീടുകൾ തിരുവനന്തപുരം കായിക്കര കുമാരനാശാന്‍ സ്മാരക അങ്കണത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്കു കൈമാറി സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന നൂറു ദിന പരിപാടിയുടെ ഭാഗമായി 689 വ്യക്തിഗത ഭവനങ്ങള്‍ കൈമാറുന്നതിന്റെ ആദ്യഘട്ടമാണിത്. ആദ്യ നൂറു ദിന പരിപാടിയുടെ ഭാഗമായി 308 വ്യക്തിഗത ഭവനങ്ങള്‍ പൂര്‍ത്തിയാക്കി കൈമാറിയിരുന്നു.
2020 ല്‍ ആരംഭിച്ച പുനര്‍ഗേഹം പദ്ധതി പ്രകാരം നാളിതുവരെ 1109 ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി ഭൂമി കണ്ടെത്തി ഭവനം നിര്‍മിച്ചു നൽകാൻ സാധിച്ചിട്ടുണ്ട്.1126 വീടുകളുടെ നിർമാണം  പുരോഗമിക്കുകയാണ്. 2235 പേര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു.കൊല്ലം ജില്ലയിലെ QSS കോളനിയിലെ 114 ഫ്ലാറ്റുകളുടെ നിര്‍മാണം ഈ മാസത്തില്‍ തന്നെ പൂര്‍ത്തിയാകും.
ഇതിനു പുറമേ തിരുവനന്തപുരം ജില്ലയിലെ കാരോട്, വലിയതുറ, ആലപ്പുഴ ജില്ലയിലെ മണ്ണുംപുറം, മലപ്പുറം ജില്ലയിലെ നിറമരുതൂര്‍, പൊന്നാനി, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്‍, കാസര്‍കോട് ജില്ലയിലെ കോയിപ്പടി എന്നിവിടങ്ങളില്‍ 784 ഫ്ലാറ്റുകള്‍ക്ക് ഭരണാനുമതി നല്‍കിയത് നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. സുരക്ഷിത മേഖലയിലേക്ക് മാറുവാന്‍ സന്നദ്ധത അറിയിച്ച മുഴുവന്‍ പേരെയും മാറ്റിപ്പാര്‍പ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

Back to top button
error: