KeralaNEWS

കൂറ് മാറ്റം; രാജകുമാരി പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയായി പ്രഖ്യാപിച്ചു

ഇടുക്കി: രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനുവിനെ കൂറ് മാറ്റ നിരോധന നിയമ പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയായി പ്രഖ്യാപിച്ചു.ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും വിലക്കുണ്ട്.ഇതോടെ ടിസി ബിനുവിന് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്തംഗത്വവും നഷ്ടമാകും.
മൂന്ന് വര്‍ഷം മുൻപാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ടിസി ബിനു കൂറുമാറി സി.പി.എം പിന്തുണയോടെ പ്രസിഡന്റായത്.2019ല്‍ തന്നെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച്‌ ടിസി ബിനുവിനെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ വൈകി. ടിസി ബിനു പല തവണ ഹിയറിങ്ങില്‍ പങ്കെടുക്കാത്തതും തുടര്‍ നടപടികള്‍ വൈകാന്‍ കാരണമായി.തുടര്‍ന്ന് 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി കുംഭപ്പാറ വാര്‍ഡില്‍ നിന്ന് വിജയിച്ച ടിസി ബിനു വീണ്ടും പ്രസിഡന്റായി. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസ് മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കമ്മിഷന്റെ അന്തിമ വിധി വരാന്‍ പിന്നെയും മൂന്ന് മാസം വൈകി. തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ വീണ്ടും കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയതോടെയാണ് ഹിയറിങ് പൂര്‍ത്തിയാക്കി ടിസി ബിനുവിനെ അയോഗ്യയായി പ്രഖ്യാപിച്ചു കൊണ്ട് കമ്മിഷന്റെ ഉത്തരവ് വന്നത്.
 കോണ്‍ഗ്രസിനു വേണ്ടി അഭിഭാഷകരായ വിനോദ് കൈപ്പാടിയിലും അരുണ്‍ തോമസ് ചാമക്കാലായിലുമാണ് ഹാജരായത്.അതേസമയം ഒൻപത് അംഗങ്ങളുടെ പിന്തുണയുള്ളതിനാല്‍ എല്‍.ഡി.എഫ് ഭരണത്തെ കമ്മിഷന്റെ വിധി ബാധിക്കില്ല.മൂന്ന് അംഗങ്ങള്‍ മാത്രമാണ് ഇവിടെ യു.ഡി.എഫിനുള്ളത്.

Back to top button
error: